വാക്‌സിൻ എടുക്കാത്തവർക്ക് സഊദി പ്രവേശനം വിമാനത്താവളങ്ങൾ വഴി മാത്രം

0
2587

റിയാദ്: സഊദിയിലേക്ക് വാക്‌സിൻ എടുക്കാതെ വരുന്നവർക്ക് പ്രവേശനം വിമാനത്താവളങ്ങൾ വഴി മാത്രം. റോഡ് മാർഗ്ഗം വഴി ഇവർക്ക് പ്രവേശനം അനുവദിക്കുകയില്ല. മുഖീമിലെ രജിസ്‌ട്രേഷൻ സംവിധാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, വാക്സിൻ എടുത്തവർക്ക് കര, റോഡ് മാർഗ്ഗങ്ങൾ വഴി സഊദിയിലേക്ക് പ്രവേശിക്കാനാകും. ബുധനാഴ്ച്ച മുതലാണ് മുഖീം രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്. അതിൽ വാക്‌സിൻ എടുത്തവരും എടുക്കാത്തവരുമായ സഊദി ഇഖാമയുള്ളവരും സന്ദർശക വിശകളിൽ വരുന്നവരുമായ നാല് വിഭാഗം യാത്രക്കാരുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ഇതിൽ വാക്‌സിൻ സ്വീകരിച്ച ഇഖാമയുള്ളവർക്കും സന്ദർശക വിസകളിൽ വരുന്നവർക്കും പ്രവേശന കാറ്റഗറിയിൽ കര, വ്യോമ മാർഗ്ഗങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ ഓപ്‌ഷൻ നൽകിയിട്ടുണ്ട്. എന്നാൽ, രണ്ടു വിഭാഗങ്ങളിലും വാക്‌സിൻ എടുക്കാത്തവരാണെങ്കിൽ അവർക്ക് വ്യോമ മാർഗ്ഗം വഴി മാത്രമാണ് കാണിക്കുന്നത്. അതിനാൽ വാക്‌സിൻ എടുക്കാത്തവർക്ക് ബഹ്‌റൈൻ വഴി കോസ്‌വേയിലൂടെ സഊദി പ്രവേശനം സാധ്യമാകില്ല.

നിലവിൽ ഇന്ത്യ-ബഹ്റൈൻ വിമാന സർവ്വീസ് ഇല്ലെങ്കിലും ഇത് ഉടൻ പുനഃസ്ഥാപിച്ചാൽ ബഹ്‌റൈൻ വഴി പ്രവാസികൾക്ക് സഊദി പ്രവേശനം സാധ്യമാകും. എന്നാൽ, വാക്‌സിൻ എടുക്കാത്തവർക്ക് കോസ്‌വേ വഴി സഊദിയിലേക്ക് പ്രവേശിക്കാൻ കഴിയില്ല. നേരത്തെ മുഖീം രജിസ്‌ട്രേഷൻ ആരംഭിച്ച തുടക്ക സമയത്ത് തന്നെ ഇക്കാര്യത്തിൽ അവ്യക്തത വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here