റിയാദ്: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സഊദിയിലേക്ക് വരാൻ സാധിക്കാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമ സൗജന്യമായി പുതുക്കി തുടങ്ങി. രണ്ടാഴ്ച്ചകൾക്ക് മുമ്പ് സഊദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച ആനുകൂല്യമായിരുന്നു സഊദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് സൗജന്യമായി നീട്ടി നല്കുമെന്നത്. പിന്നാലെ സഊദി ജവാസാത്ത് ഇതിന്റെ ഇതിനുള്ള നടപടികൾ പ്രഖ്യാപിക്കുകയും ആരംഭിക്കുകയും ചെയ്‌തിരുന്നു.
കാലാവധി കഴിഞ്ഞവരുടേത് ജൂലായ് 31 വരെ ഫീസോ സാമ്പത്തിക നഷ്ടപരിഹാരമോ ഇല്ലാതെ പുതുക്കുമെന്നാണ് ജവാസാത്ത് ഒരാഴ്ച മുമ്പ് അറിയിച്ചിരുന്നത്. കൊറോണ വൈറസ് മൂലം പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന രാജ്യങ്ങളിലുള്ളവരുടെ റെസിഡൻസി, എക്സിറ്റ് റീ എൻട്രി, സന്ദർശക വിസകളാണ് നീട്ടുന്നതായി അറിയിച്ചിരുന്നത്. ഇത്തരം ആളുകളുടെ വിസകൾ ജൂലായ് 31 വരെയാണ് നീട്ടി നൽകുന്നത്. 2021 ഫെബ്രുവരി 2 നു പ്രഖ്യാപിച്ച, പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായിരിക്കും ഈ സേവനം ലഭ്യമാകുക.