റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്ന ഹാജിമാരുടെ താമസ കേന്ദ്രങ്ങളിൽ ഓരോ റൂമികളിലും നാല് പേർക്ക് മാത്രമായിരിക്കും അനുമതി നല്കുകയുള്ളൂവെന്ന് മന്ത്രാലയം. കർശനമായ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ നടക്കുന്ന വിശുദ്ധ ഹജ്ജ് കർമ്മത്തിൽ വിതരണം ചെയ്യുന്ന ഭക്ഷണങ്ങളിലടക്കം ഈ വർഷം നിരവധി പ്രത്യേകതകൾ കാണാനാകുമെന്നും മന്ത്രാലയം അറിയിച്ചു. ഹജ്ജ്, ഉംറ മന്ത്രാലയ ഡെപ്യൂട്ടി മന്ത്രി ഡോ: അബ്ദുൽ ഫത്താഹ് അൽ മാശാത് ആണ് കൂടുതൽ വിവരങ്ങൾ അൽ ഇഖ്‌ബാരിയ ചാനലുമായി പങ്ക് വെച്ചത്.
ഇമ്മ്യൂൺ ആയവർക്കും അമ്പത് വയസിനു മുകളിൽ ഉള്ളവർക്ക് മാത്രമാണ് മുൻ്ഗണന, സൈറ്റിൽ നേരത്തെ രജിസ്റ്റർ ചെയ്തെന്നു കരുതി ആർക്കും മുൻഗണനയില്ല, ഹാജിമാരെ തിരഞ്ഞെടുക്കുന്നതിൽ രാജ്യങ്ങൾക്കിടയിൽ വ്യത്യാസം ഉണ്ടാകുകയില്ല, പോസിറ്റിവ് കേസുകൾ കണ്ടെത്തിയാൽ ഹാജിമാരെ മാറ്റുന്നതിനായി പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങൾ പുണ്യ നഗരികളിൽ സജ്ജമാകും, പെർമിറ്റ് ഇല്ലാത്ത വരെ ഹജ്ജിനായി അനുവദിക്കുകയില്ല, സ്ത്രീകൾക്ക് മഹ്‌റം ഇല്ലാതെ തന്നെ ഹജ്ജിനു പങ്കെടുക്കാം, തിരഞ്ഞെടുക്കപ്പെടുന്നവർ സന്ദേശം ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ തുക അടക്കണം, ഇതിനുള്ളിൽ പണമടച്ചില്ലെങ്കിൽ അടുത്തയാൾക്ക് സെറ്റ് മാറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കേജുകളുടെ തുക പഠനങ്ങൾക്ക് ശേഷമാണ് നിശ്ചയിച്ചതെന്നും ഹാജിമാർക്ക് നൽകുന്ന സേവനങ്ങൾ മികച്ചതും നൽകുന്ന തുകയുടെ മൂല്യം ഉൾകൊള്ളുന്നതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.