ജിദ്ദ: കൊവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിൽ ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്കും പ്രവാസി കുടുംബങ്ങൾക്കും ഒപ്പം സർക്കാർ ഇതര തൊഴിലാളികൾക്കും ‘കൊണ്ടോട്ടി സെന്റർ’ പലിശ രഹിത വായ്പ നൽകും. കഴിഞ്ഞ ദിവസം ഓൺലൈൻ വഴി സംഘടിപ്പിച്ച കൊണ്ടോട്ടി സെന്റർ ജിദ്ദയുടെയും കൊണ്ടോട്ടി സെന്റർ ട്രസ്റ്റിന്റെയും സംയുക്ത മീറ്റിങ്ങിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കൊണ്ടോട്ടി മുനിസിപ്പാലിറ്റിക്കുള്ളിൽ താമസിക്കുന്നവർക്കും ‘ഒരുമ’ കൂട്ടായ്മ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിൽ ഉളളവർക്കുമാണ് പ്രസ്തുത വായ്പ ആനുകൂല്യം ലഭിക്കുക. കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടി സെന്റർ ട്രസ്റ്റിന്റെ ഓഫീസിൽ പ്രവർത്തിക്കുന്ന പലിശ രഹിത നിധിയിൽ നിന്നാണ് വായ്പ നൽകുക.
കരിപ്പൂർ വിമാന അപകടത്തിൽപ്പെട്ടവർക്കുള്ള നഷ്ട്ട പരിഹാരത്തുക ഉടനെ നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. അപകട കാരണം എന്തെന്ന് ഇതുവരെ അന്വേഷണ ഏജൻസി പുറത്ത് വിടാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ചെറിയ വിമാനം അപകടത്തിൽ പെട്ടതിന് വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ വിചിത്ര നടപടി ഉടനെ പിൻവലിക്കണമെന്നും കരിപ്പൂരിൽ നിന്നും നിറുത്തി വെച്ച സഊദി എയർലൈൻസ് ഉൾപ്പെടെ എല്ലാ വിമാന സർവ്വീസുകളും ഉടനെ പുനഃസ്ഥാപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രവാസികളുടെ മടക്കയാത്രയുടെയും വാക്‌സിനേഷന്റെയും ആശങ്കകൾ പരിഹരിക്കാൻ കൊണ്ടോട്ടി സെന്റർ ട്രസ്റ്റിന് കീഴിൽ ഹെൽപ് ലൈൻ നമ്പറുകൾ പ്രവർത്തിക്കുന്നുണ്ട്. വിശദ വിവരങ്ങൾക്ക് 919048404825,919744641547, 919995905502 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ചില ട്രാവൽ ഏജൻസിളും വ്യക്തികളും മതിയായ പഠനങ്ങളും നിയമപരമായ സാധ്യതയും മനസ്സിലാക്കാതെ പ്രവാസികളെ പ്രയാസപെടുത്തുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഈദ് കിറ്റുകൾ വിതരണം ചെയ്യാനും നിർധനരായ വിദ്യാർഥികൾക്ക് പഠന ഉപകരണങ്ങൾ നൽകാനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഭാരവാഹികളെ ചുമതലപ്പെടുത്തി.
യോഗത്തിൽ ‘ഒരുമ’ പ്രസിഡന്റ് കബീർ കൊണ്ടോട്ടി ചർച്ച ഉൽഘാടനം ചെയ്തു. എ.ടി ബാവ തങ്ങൾ, റഫീഖ് മാങ്കായി, കെ. കെ ഫൈറൂസ്, പി. സി അബുബക്കർ, കബീർ നീറാട്, റഷീദ് ചുള്ളിയൻ, മായിൻ കുമ്മാളി, ഇർഷാദ് കളത്തിങ്ങൽ, പി.ഇ അബ്ദുന്നാസർ , റഫീഖ് മധുവായി, ജംഷി കടവണ്ടി, റഹീസ് ചേനങ്ങാടൻ എന്നിവർ സംസാരിച്ചു.യോഗത്തിൽ കൊണ്ടോട്ടി സെന്റർ ജിദ്ദ പ്രസിഡന്റ് സലിം മധുവായി അദ്ധ്യക്ഷത വഹിച്ചു.
കബീർ തുറക്കൽ ഖിറാഅത് നടത്തി. ജനറൽ സെക്രട്ടറി റഹ്മത്തലി എരഞ്ഞിക്കൽ സ്വാഗതവും ട്രഷറർ ഗഫൂർ ചുണ്ടാക്കാടൻ നന്ദിയും പറഞ്ഞു.