കൊച്ചി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ ജൂലൈ ആറു വരെ നീട്ടി. യുഎഇ പൗരന്മാർക്ക് ഒഴികെയുള്ള വിലക്കാണ് നീട്ടിയിട്ടുള്ളതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഈ കാലയളവിൽ യാത്രയ്ക്കായി ടിക്കറ്റ് എടുത്തവർ യാത്രാസമയം പുതുക്കണമെന്ന് അറിയിപ്പിൽ പറയുന്നു.
നേരത്തെ ജൂൺ 30 വരെയാണ് യുഎഇ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. യുഎഇ പൗരന്മാർ, ഗോൾഡൻ വിസക്കാർ, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങൾ എന്നിവരെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ കൊവിഡ് വ്യാപനം ഉയർന്നതിനെ തുടർന്ന് ഏപ്രിൽ 24നാണ് യുഎഇ ഇന്ത്യൻ സർവീസുകൾ നിരോധിച്ചത്. യുഎഇയിൽ നിന്നും യാത്രക്കാരുമായി ഇന്ത്യയിലേക്കുള്ള സർവീസിന് വിലക്കില്ല. യുഎഇ വഴി ഇന്ത്യയിലേക്കുള്ള സർവീസുകളും കാർഗോ സർവീസുകളും നിരോധിച്ചിട്ടില്ല.
അതേസമയം, പുതിയ വിലക്ക് സംബന്ധിച്ച് എമിറേറ്റ്‌സ് പ്രതികരണം വന്നിട്ടില്ല. ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രാ വിമാന സര്‍വീസ് ഉണ്ടാകില്ലെന്നാണ് നേരത്തെ എമിറേറ്റ്‌സ് അറിയിച്ചിട്ടുള്ളത്.