മക്ക: തീർഥാടകരെ സേവിക്കുന്നതിൽ ഈ വർഷം ഡിജിറ്റൽ ഹജ്ജ് സംവിധാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ക്രൗഡ് മാനേജ്‌മെന്റിൽ മനുഷ്യ കേഡർമാരെ കുറയ്ക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതായും റിപ്പോർട്ട്.
എല്ലാ തീർഥാടകരുടെയും നീക്കങ്ങളെ ഒരു കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ഫത്‌വകളും മാർഗനിർദേശങ്ങളും നൽകാനും ഇലക്ട്രോണിക് ഖുർആൻ സേവനം നൽകുവാനും റോബോട്ടുകളെ ആശ്രയിക്കുമെന്നാണ് റിപ്പോർട്ട്. “അൽ-വതൻ” പത്രമാണ് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തീർഥാടകർ രാജ്യത്ത് എത്തുന്ന സമയം നിർണ്ണയിക്കാനും ജംറകളിലെ കല്ലേറ് സമയം ക്രമീകരിക്കാനും സമയം വ്യക്തമാക്കാനും ഇത്തരം റോബർട്ടുകളുടെയും ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെയും സഹായം ലഭ്യമാക്കുമെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.




