റിയാദ്: സഊദിയിൽ ക്വാറന്റൈൻ, ഐസൊലേഷൻ, പ്രോട്ടോകോൾ നിയമ ലംഘകരെ പിടികൂടുന്നത് തുടർക്കഥയാകുന്നു. കടുത്ത പിഴയും വിലക്കോടെയുള്ള നാട് കടത്തലും ശിക്ഷയായി ലഭിക്കുന്ന ഇത്തരം നിയമ ലംഘനത്തിൽ നിരവധി പ്രവാസികളും ഉൾപ്പെടുന്നുണ്ട്. ഇന്ന് മാത്രം ഇത്തരത്തിലുള്ള നിയമ ലംഘനത്തിന്റെ പേരിൽ 73 പേരാണ് പിടിയിലായത്.
അൽബഹ പ്രാവിശ്യയിലാണ് 45 പേർ ക്വാറന്റൈൻ, ഐസൊലേഷൻ നിയമ ലംഘനത്തിന് പോലീസ് പിടിയിലായത്. രോഗം ബാധിച്ച ഇവർ നിയമ ലംഘനം നടത്തി പുറത്തിറങ്ങുകയായിരുന്നു. ഇവർക്കെതിരെ നിയമ നടപടികൾ കൈകൊണ്ടതായി അൽബഹ പോലീസ് വക്താവ് അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിലെ ഹഫർഅൽബാത്വിനിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഒരുമിച്ച് കൂടിയ 28 പേരെയും പിലീസ് അറസ്റ്റ് ചെയ്തു. നിയന്ത്രണങ്ങൾ പാലിക്കാതെ കൂട്ടം കൂടിയവർക്കെതിരെയും സംഘാടകർക്കെതിരെയും നടത്തിപ്പുകാർക്കെതിരെയും നിയമ നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.