റിയാദ്: കൊവിഷീൽഡ്, ആസ്ത്രസെനിക എന്നീ രണ്ടു പേരിലും അറിയപ്പെടുന്ന വാക്സിൻ ഒന്നാണെന്ന സ്ഥിരീകരണം വന്നതോടെ ഇനി ഇന്ത്യയുടെ സ്വന്തം വാക്സിന് സഊദി അറേബ്യ അംഗീകാരം നൽകുമോയെന്ന പ്രതീക്ഷയിലാണ് പ്രവാസ ലോകം. ഒരേ വാക്സിൻ ആണെങ്കിലും പേരിലെ വ്യത്യാസം ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് തന്നെയാണ് സഊദിയിലും വിതരണം ചെയ്യുന്നത്. പക്ഷെ, സഊദിയിൽ പൊതുവെ ഈ വാക്സിൻ ഒക്സ്ഫോഡ് ആസ്ത്രസെനിക എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതാണ് പ്രവാസികൾക്ക് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നത്. ഇതിനാണ് ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
എന്നാൽ, ഒരേ വാക്സിൻ തന്നെയാണെന്നതിനാൽ ഇക്കാര്യത്തിൽ സത്യത്തിൽ ആശങ്കക്ക് വകയുണ്ടായിരുന്നില്ല. എന്നാൽ, ചിലർ ഇക്കാര്യം ഉന്നയിച്ചതോടെ പ്രവാസികൾക്കിടയിൽ ആശങ്ക ഉടലെടുക്കുകയും ആകെ പ്രയാസത്തിലാകുകയുമായിരുന്നു. സത്യത്തിൽ സഊദിയിലേക്ക് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാക്സിൻ ലേബൽ തന്നെ കൊവിഷീൽഡ് എന്നാണെന്നിരിക്കെ ഇക്കാര്യത്തിൽ അനാവശ്യ ആശങ്കയാണ് ചില മാധ്യമങ്ങളും വീഡിയോ വ്ലോഗർമാരും ഉണ്ടാക്കിയിരുന്നത്. ഇതേ തുടർന്നാണ് എംബസി ഔദ്യോഗികമായി സഊദിയെ ഇക്കാര്യം അറിയിച്ചതും ഒടുവിൽ സഊദി അറേബ്യ, രണ്ട് പേരിലും അറിയപ്പെടുന്ന വാക്സിൻ ഒന്നാണെന്ന് അറിയിച്ചതും.
എന്നാൽ, ഇനി പ്രവാസികൾ ഉറ്റു നോക്കുന്നത് ഇന്ത്യയുടെ സ്വന്തം വാക്സിനായ കൊവാക്സിൻ അംഗീകരിക്കാനുള്ള എംബസിയുടെ ഇടപെടൽ ആണ്. ഇക്കാര്യത്തിൽ എംബസിക്ക് എന്തെങ്കിലും ചെയ്യാനാകുമോ എന്നാണ് പ്രവാസികൾ ഇനി ചോദിക്കുന്നത്. എന്നാൽ കൊവാക്‌സിൻ സംബന്ധിച്ച് ഇതേവരെ സഊദി സർക്കാറിന്റെ അറിയിപ്പ് വന്നിട്ടില്ല. ഇതിനുള്ള ചർച്ചകളും നടക്കുന്നുണ്ടെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടി അംഗീകരിച്ച് ഔദ്യോഗിക തീരുമാനം വന്നാൽ ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമായിരിക്കും. എന്നാൽ, കൊവാക്സിൻ വാക്സിന് ഇത് വരെ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടില്ലെന്നതാണ് വസ്തുത. ഇക്കാര്യത്തിൽ ശ്രമം തുടരുകയാണെന്നും ഉടൻ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നീതി ആയോഗ് മെമ്പർ വികെ പോൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.