Thursday, 12 September - 2024

മക്കയിൽ തിരിച്ചെത്തുന്നത് സ്വപ്നം കണ്ട് ‘ബാവ മക്ക’

ജിദ്ദ: കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ട്ടപ്പെട്ട് നാട്ടിൽ പോയി ഓട്ടോ റിക്ഷ ഡ്രൈവർ ആയി ജോലി ചെയ്യുമ്പോഴും മലപ്പുറം കോട്ടക്കൽ സ്വദേശി ഹബീബ് എന്ന ബാവ മക്കയുടെ മനസിൽ തെളിയുന്നത് മക്കയിലെ ഹറമും അവിടെയെത്താറുള്ള തീർത്ഥാടക ലക്ഷങ്ങളും. മക്കയോടുള്ള സ്നേഹം കാരണം കോട്ടക്കൽ ചങ്കുവെട്ടി കുണ്ട് സ്വദേശിയായ ഇദ്ദേഹം തന്റെ വിളിപ്പേരായ ബാവ എന്നതിനോടൊപ്പം മക്ക എന്ന് കൂടി ചേർത്തു.  സ്വന്തം നാടിൻറെ പേരിൽ  പ്രശസ്തരായ നിരവധി പേർ പ്രവാസികൾക്കിടയിൽ ഉണ്ട്. എന്നാൽ മക്കയുടെ പേരിൽ അറിയപ്പെടാനാണ് കെഎംസിസി പ്രവർത്തകനും ഹജ്ജ് – ഉംറ തീർത്ഥാടകരുടെ സേവകനും കൂടിയായ ബാവക്ക് ഏറെ താല്പര്യം. 

പതിനാറ് വർഷങ്ങൾക്ക് മുമ്പാണ് ഹബീബ് എന്ന ബാവ  സഊദിയിൽ എത്തിയത്. മക്കയിലെ വിസയിലാണ് വന്നത്. കുറച്ചു കാലം മക്കയിൽ ജോലി ചെയ്ത ശേഷം കൂടുതൽ മെച്ചപ്പെട്ട ജോലി കിട്ടാൻ ജിദ്ദയിലും  പിന്നീട് ദമാമിലും ജോലി ചെയ്‌തെങ്കിലും ബാവയുടെ മനസ്സ് അവിടങ്ങളിൽ നിൽക്കാൻ  സമ്മതിച്ചില്ല. ഉടനെ തന്നെ ബാവ തന്റെ പ്രിയപ്പെട്ട  നാടായ മക്കയിലേക്ക്  മടങ്ങി. അങ്ങനെ കുറേക്കാലം ഹറമിനോട് ചേർന്നുള്ള അബായക്കടയിൽ ജോലി ചെയ്തു. ഇതിനിടയിൽ നാട്ടിൽ നിന്നും ഹജ്ജിനും ഉംറക്കും വരുന്നവർക്ക് വേണ്ട സേവനങ്ങളും തുടർന്നു. അതോടൊപ്പം മുസ്‌ലിം ലീഗ് പ്രവർത്തകനായ ബാവ  കെഎംസിസിയിലും സജീവമായി.

അതിനിടയിൽ അബായക്കടയിൽ വനിതാവൽക്കരണം നടപ്പിലാക്കിയതോടെ ജോലി നഷ്ട്ടപ്പെട്ട ബാവയോട് ജിദ്ദയുൾപ്പെടെയുള്ള മറ്റു സ്ഥലങ്ങളിൽ പോയി ജോലി നോക്കാൻ പലരും ഉപദേശിച്ചു. എന്നാൽ മക്ക വിട്ട് മറ്റൊരു സ്ഥലത്തും  ജോലി വേണ്ടെന്ന നിലപാടിലായിരുന്ന ബാവക്ക് ഉടനെ തന്നെ മറ്റൊരു വിസ കിട്ടി. അങ്ങനെ നാട്ടിൽ പോയി വീണ്ടും ബാവ മക്കയിൽ തന്നെ തിരിച്ചെത്തി. ഹജ്ജ് – ഉംറ തീർത്ഥാടകർക്ക് വേണ്ട ഭക്ഷണം വിതരണം ചെയ്യലായിരുന്നു  ജോലി. ഒഴിവ് സമയം കുറവായതിനാൽ സംഘടന പ്രവർത്തനത്തിന് സമയം കിട്ടിയിരുന്നില്ലെന്ന് ബാവ പറയുന്നു. എന്നാലും അല്ലാഹുവിന്റെ അതിഥികൾക്ക് സേവനം ചെയ്യാൻ കഴിയുന്നതിൽ സന്തോഷത്തോടെ തൻറെ ജോലി തുടർന്നു.

ഇതിനിടയിലാണ് ലോകത്തെ മൊത്തം ഭീതിയിലാക്കിയ കൊറോണ വൈറസ് സഊദിയിലും എത്തിയത്. ഇതോടെ ഉംറക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. അധികം വൈകാതെ മക്കയുൾപ്പെടെ സഊദിയിൽ ലോക്ക് ഡൌൺ പ്രഖ്യാപിക്കപ്പെട്ടു. ഉംറ തീർത്ഥാടകരുടെ വരവ് നിലച്ചതോടെ ബാവക്ക് ജോലി നഷ്ടപ്പെട്ടു. ലോക്ക് ഡൗൺ കാരണം സ്വന്തം റൂമിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. ഇങ്ങനെ ആറു മാസത്തോളം റൂമിൽ ഇരുന്നെകിലും സാഹചര്യം മാറിയില്ല. ഇതോടെ ബാവ മക്ക വിട്ട് സ്വന്തം നാടായ കോട്ടക്കലേക്കു മടങ്ങി. ഇപ്പോൾ കോട്ടക്കൽ, എടരിക്കോട് പ്രദേശങ്ങളിൽ ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്യുന്ന ബാവ നാട്ടുകാർക്കിടയിലും  ബാവ മക്ക എന്ന പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. 

ഇപ്പോൾ നാട്ടിൽ ഓട്ടോ ഡ്രൈവർ ആയി കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുമ്പോഴും ബാവയുടെ മനസ്സ് മക്കയിൽ തന്നെയാണ്. നിലവിലുള്ള കോവിഡ്   പ്രതിസന്ധി മാറി വീണ്ടും പരിശുദ്ധ മക്കയിൽ എത്തി  പഴയ ജോലി ചെയ്യാനും  ഒപ്പം തീർത്ഥാടകരെ സേവിക്കാനും കഴിയുമെന്ന് സ്വപ്നം കണ്ടു നടക്കുകയാണ് ബാവ മക്ക. 

Most Popular

error: