ദുബൈ: ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണകയറ്റുമതിയിൽ സഊദി അറേബ്യ വില ഉയർത്തി. ക്രൂഡ് ബാരലിന് 70 ഡോളറിനു മുകളിലായതിനെത്തുടർന്നാണ് സഊദി അറേബ്യ തങ്ങളുടെ ഏഷ്യയിലെ പ്രധാന വിപണിയിലെ ഉപഭോക്താക്കളുടെ എണ്ണ വില പ്രതീക്ഷിച്ചതിലും അധികമാക്കിയതെന്നാണ് റിപ്പോർട്ട്. ജൂലൈയിൽ ഏഷ്യയിലേക്ക് കയറ്റുമതി ചെയ്‌ത പ്രധാന അറബ് ലൈറ്റ് ഗ്രേഡ് 20 സെൻറ് വർധിപ്പിച്ച് ബാരലിന് 1.90 ഡോളറായായാണ് ഉയർത്തിയത്. ആഗോള ആവശ്യം ഈ വർഷം വിതരണത്തെ മറികടക്കുമെന്നാണ് ഒപെക് കരുതുന്നത്.
സഊദി അറേബ്യയുടെ എണ്ണ കയറ്റുമതിയുടെ 60 ശതമാനത്തിലധികം ഏഷ്യൻ രാജ്യങ്ങളിലേക്കാണ്. ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ എണ്ണ സഊദിയിൽ നിന്ന് വാങ്ങുന്നവർ. ബ്ലൂംബെർഗിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം പ്രതിദിനം 6.1 ദശലക്ഷം ബാരൽ കയറ്റി അയച്ചിരുന്നതായാണ് കണക്കുകൾ. അരാംകോയുടെ അഞ്ച് ഏഷ്യൻ ഗ്രേഡുകളിൽ നാലെണ്ണത്തിന്റെ വില വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ, യുഎസിനുള്ള ജൂണിലെ വില ഉയർത്താതെ നില നിർത്തിയിട്ടുണ്ട്. ബ്രെൻറ് ക്രൂഡ് 2021 ൽ 38 ശതമാനം ഉയർന്ന് രണ്ട് വർഷത്തെ ഉയർന്ന വിലയായ ബാരലിന് 71.20 ഡോളറിലെത്തിയിരിക്കുകയാണിപ്പോൾ. ഒപെക്കിന്റെ പുതിയ കാഴ്ചപ്പാടാണ് വില ഉയരാൻ കാരണം.