റിയാദ്: സാമ്പത്തിക ക്രമക്കേടിൽ അറസ്റ്റിലാവുകയും യഥാർത്ഥ പ്രതികൾ നാട് വിടുകയും ചെയ്‌തതോടെ ദുരിതത്തിലായ മലയാളി അഞ്ചു വർഷത്തെ ജയിൽ ശിക്ഷക്ക് ശേഷം പുറത്തിറങ്ങി നാട്ടിലേക്ക് തിരിച്ചു. കൊല്ലം ജില്ലയിൽ കിളികൊല്ലൂർ കന്നിമേൽ ചേരി കൈപ്പുഴ വീട്ടിൽ മാഹീൻ-ലൈല ബീവി ദമ്പതികളുടെ മകൻ ഷാനവാസാണ് റിയാദിലെ സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ വഴി നാട്ടിലെത്തിയത്. ഏറെ ദുരിതത്തിലായ യുവാവിന്റെ കഥന കഥ നാട്ടിൽ നിന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് കെഎംസിസി നടത്തിയ ഇടപെടലാണ് യുവാവിന് മോചനം സാധ്യമാക്കിയത്.
സാമ്പത്തിക ക്രമക്കേടിെൻറ പേരിൽ ഇദ്ദേഹത്തെ സ്പോൺസർ ജയിലിലാക്കുകയായിരുന്നു. എന്നാൽ, ഇതിനിടെ ഒപ്പം ജോലി ചെയ്തിരുന്ന യഥാർഥ പ്രതികൾ നാട്ടിലേക്ക് മുങ്ങുകയും നവാഗതനായ ഷാനവാസ് പിടിയിലാവുകയുമായിരുന്നു. നീണ്ട വിചാരണക്കും ജയിൽ ശിക്ഷക്കും ശേഷം പൊതുമാപ്പിൽ പുറത്തിറങ്ങാൻ ശ്രമം നടത്തിയെങ്കിലും വീണ്ടും നിരവധി നിയമപ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ഇതിനിടെയാണ് നാട്ടിൽനിന്ന് കുടുംബാംഗങ്ങൾ സഊദി കെ.എം.സി.സി കൊല്ലം ജില്ല കോഓഡിനേഷൻ ഭാരവാഹി നവാസ് പള്ളിമുക്കുമായി ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചത്. തുടർന്ന് റിയാദ് കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ സിദ്ദീഖ് തുവ്വൂരും കൊല്ലം ജില്ല കോഓഡിനേഷൻ ഭാരവാഹി ഫിറോസ് കൊട്ടിയവും ഇടപെട്ടാണ് കേസുകൾക്ക് പരിഹാരമായത്.
ഒടുവിൽ മുഴുവൻ നിയമപ്രശ്നങ്ങളും പൂർത്തീകരിച്ച് കഴിഞ്ഞ ദിവസം കൊച്ചിയിലേക്കുള്ള ചാർട്ടേഡ് ഫ്ലൈറ്റിൽ ഷാനവാസ് നാട്ടിലേക്ക് യാത്രയായി. റിയാദിലെ സാമൂഹിക പ്രവർത്തകനും കെ.എം.സി.സി അൽഷിഫ ഏരിയ പ്രസിഡൻറുമായ ഉമ്മർ അമാനത്തിൻെറ നേതൃത്വത്തിൽ സഊദി കൊല്ലം ജില്ല കോഓഡിനേഷൻ കമ്മിറ്റിയാണ് പിഴ ഉൾെപ്പടെചിലവുകളും ടിക്കറ്റും നൽകിയത്.