ദമാം: ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തന്നെ കഴിയേണ്ടി വന്ന മലയാളി യുവാവ് ഒന്നര വർഷത്തിന് ശേഷം ഒടുവിൽ നാട്ടിലേക്കിക് മടങ്ങി. എറണാകുളം കോട്ടുമുഖം കീഴ്‌മേട് സ്വദേശി റഷീദ് ബീരാനാണ് (42) ഒന്നര വർഷത്തിനുശേഷം ജയിൽ മോചിതനായി നാട്ടിലേക്ക് തിരിച്ചത്. സാമ്പത്തിക പ്രയാസങ്ങളാൽ ഏഴു വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന ഇദ്ദേഹത്തിനു മലയാളി സാമൂഹ്യ പ്രവർത്തകന്റെ ഇടപെടലാണ് തുണയായത്.
2014 ൽ കിഴക്കൻ സഊദിയിലെ ജുബൈലിൽ എത്തിയ റഷീദ് പലവിധ ജോലികൾ ചെയ്തു വരുന്നതിനിടെയാണ് കേസിൽ കുടുങ്ങുന്നത്. ആറു മാസത്തെ ജയിൽ ശിക്ഷയാണ് കോടതി വിധിച്ചതെങ്കിലും 8,000 റിയാൽ റഷീദ് നൽകാനുണ്ടെന്നു കാണിച്ച് സ്പോൺസർ മറ്റൊരു കേസ് ഫയൽ ചെയ്തതോടെ മോചനം ഏറെ ദുരിതമയമായി. പുറത്തിറങ്ങാനാകാതെ തടവിൽ തുടരുന്നതിനിടെയാണ് ജുബൈലിലെ സന്നദ്ധ പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരി ജയിൽ സന്ദർശിക്കുന്നതും റഷീദിൻെറ പ്രശ്നത്തിൽ ഇടപെടുന്നതും. ശിക്ഷാകാലാവധി കഴിഞ്ഞും നാട്ടിൽ പോവാൻ കഴിയാതെ അനിശ്ചിതമായി കാലതാമസം വന്നപ്പോൾ കോടതിയുമായി ബന്ധപ്പെട്ടപ്പോഴാണ് സ്പോൺസറുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിൽ സാമ്പത്തിക ഇടപാടിൽ ട്രാവൽ ബാൻ ഉള്ളതായി അറിയാൻ കഴിഞ്ഞത്. തുടർന്ന് സൈഫുദ്ദീൻ സ്പോൺസറുമായി സംസാരിച്ചതിൻെറ അടിസ്ഥാനത്തിൽ 5,000 റിയാൽ നൽകിയാൽ കേസ് പിൻവലിക്കാം എന്ന് ഉറപ്പുകൊടുത്തു.
സുഹൃത്തുക്കളും മറ്റും സഹായിച്ച് പണം കെട്ടിവെച്ചെങ്കിലും ചില സാങ്കേതിക തടസ്സങ്ങളാൽ പണം കെട്ടിവെച്ച വിവരം കോടതിയിൽ എത്താതിരുന്നതോടെ മോചനം നീണ്ടു. ഒടുവിൽ ഏറെ ബുദ്ധിമുട്ടി റഷീദിനെ മോചിപ്പിക്കാൻ ഉത്തരവിറങ്ങിയപ്പോഴേക്കും പാസ്പോർട്ട് കാലാവധി കഴിഞ്ഞിരുന്നു. റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് യാത്രാ രേഖകൾ ശരിപ്പെടുത്തുകയും നാട്ടിലേക്ക് പോവാനുള്ള അവസരമൊരുക്കുകയും ചെയ്യുകയായിരുന്നു.