Saturday, 27 July - 2024

ലക്ഷദ്വീപ്; ഏകപക്ഷീയ നിലപാടുകളിൽ നിന്ന് അഡ്മിനിസ്ട്രേറ്റർ പിൻമാറണം: റിയാദ് എസ് ഐ സി

റിയാദ്: ലക്ഷദ്വീപ് നിവാസികളോട് പുതുതായി‍ നിയമിക്കപ്പെട്ട അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ സ്വീകരിച്ച് കൊണ്ടിരിക്കുന്ന വികലവും കിരാതവുമായ ഭരണ പരിഷ്കരണ നടപടികളെ ശക്തമായി എതിർത്തും ഇത് മൂലം ദുരിതമനുഭവിക്കുന്ന ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചു. സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂരിന് നൽകിയ സ്നേഹാദരവിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ അബ്ദുറഹ്മാൻ ഹുദവി പ്രമേയം അവതരിപ്പിച്ചു.

വൈവിധ്യങ്ങൾ നിറഞ്ഞ‍ ഇന്ത്യയില്‍ കേരളവുമായി‍ സാംസ്‌കാരികപരമായും‍ ഭാഷാപരമായും‍ ഇഴയടുപ്പത്തിലുള്ള‍ നാടായ ലക്ഷദ്വീപില്‍ ജനജീവിതത്തെ തടസ്സപ്പടുത്തുന്നതും‍ ഉപജീവന‍ മാർഗ്ഗത്തെയും സ്വത്വത്തെ തന്നെയും ഇല്ലതാക്കാനുള്ള അഡ്മിനിസ്ട്രേറ്ററുടെ ഇടപെടലുകള്‍ക്കെതിരെ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. മദ്യരഹിത‍ പ്രദേശമായിരുന്ന‍ ദ്വീപിൽ ടൂറിസത്തിൻറെ പേരു പറഞ്ഞ്‍ മദ്യശാലകൾ തുറക്കാനുള്ള‍ നീക്കം, സ്‌കൂളിലെ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവിൽ നിന്ന് മാംസാഹാരം‍ ഒഴിവാക്കൽ, അക്രമസംഭവങ്ങളില്ലാതെ സമാധാനപരമായി‍ കഴിയുന്ന‍ ലക്ഷദ്വീപില്‍ ഗുണ്ടാ‍നിയമം, പ്രിവൻഷൻ ഓഫ് ആന്റീ സോഷ്യൽ ആക്ടിവിറ്റീസ്‍ (പാസ)‍ നടപ്പിലാക്കുക, രണ്ട്‍ മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കേർപ്പെടുത്താനുള്ള നീക്കം,തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പരിമിതപ്പെടുത്തൽ, അങ്കണവാടികൾ അടച്ചു പൂട്ടൽ, താത്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടൽ, ദ്വീപുകാർ ചരക്ക് ഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിന് പകരം മംഗലാപുരത്തെ മാത്രം ആശ്രയിക്കണമെന്ന തീരുമാനം, ഇതെല്ലാം ലക്ഷദ്വീപിൻറെ തനതായ ജനജീവിതത്തെ വെല്ലുവിളിക്കുന്നതും അവരുടെ വിശ്വാസ സാംസ്‌കാരിക പൈതൃകങ്ങളെ തകർക്കുന്ന നടപടികളാണെന്നും വിലയിരുത്തി.

വികലമായ‍ നയങ്ങളും നിലപാടുകളുമായി ദ്വീപ്‍ നിവാസികളുടെ വിശ്വാസത്തെയും സംസ്‌കാരത്തെയും തകർക്കാനുള്ള‍ നീക്കത്തിൽ നിന്ന്‍ ഭരണകൂടം പിന്മാറണമെന്നും‍ ലക്ഷ‍ദ്വീപിൻറെ തനിമ‍ നിലനിർത്തി സമാധാനപരമായി ദ്വീപ് നിവാസികളെ ജീവിക്കാൻ അനുവദിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, അലവിക്കുട്ടി ഒളവട്ടൂർ, എൻ സി മുഹമ്മദ് ഹാജി, അബ്ദുൽ റസാഖ് വളക്കൈ, ഷാഫി ദാരിമി പുല്ലാര, അബ്ദുറഹിമാൻ ഫറോക്ക്, സുബൈർ ആലുവ, മൊയ്തീൻ കുട്ടി തെന്നല, ബഷീർ താമരശ്ശേരി, ഉമര്‍ കോയ ഹാജി, അസ് ലം അടക്കാത്തേട്, മൻസൂർ വാഴക്കാട്, ഷാജഹാൻ കൊല്ലം, മുഖ്താർ കണ്ണൂർ, ഉമര്‍ ഫൈസി, ഹാരിസ് മൗലവി, സുബൈർ ഹുദവി വെളിമുക്ക്, മശ്ഹൂദ് കൊയ്യോട്, സൈതലവി ഫൈസി പനങ്ങാങ്ങര, അബൂബക്കര്‍ ഫൈസി വെള്ളില തുടങ്ങിയ എസ് ഐ സിയുടെ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.

Most Popular

error: