അൽഖോബാർ: അതിജീവനത്തിന് വേണ്ടി പോരാടുന്ന ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെഎംസിസി പ്രവര്ത്തകര് കിഴക്കൻ പ്രവിശ്യ യുടെ വിവിധ ഭാഗങ്ങളിൽ പ്രതീകാത്മക പ്രതീഷേധ സമരം സംഘടിപ്പിച്ചു. കൊവിഡ് മാരകമായി രാജ്യത്തിലെ പാവപ്പെട്ട ജനങ്ങളുടെ ജീവൻ എടുക്കുമ്പോൾ ദേശീയ തലത്തിൽ കൃത്യമായ ആരോഗ്യ നയം എടുക്കാൻ കഴിയാത്ത കേന്ദ്ര സർക്കാർ രാജ്യാന്തര തലത്തിൽ അവഹേളനം നേരിട്ട് കൊണ്ടിരിക്കുന്ന ഈ മഹാമാരി കാലത്തും ഫാസിസത്തിൻ്റെ ദണ്ഡ് പ്രയോഗിച്ചു നിഷ്കളങ്കരായ ലക്ഷദ്വീപ് ജനതക്ക് മേൽ പ്രയോഗിക്കുന്ന കാടൻ നിയമങ്ങൾ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നു പ്രതിഷേധ സംഗമത്തിൽ സംബന്ധിച്ച അൽ കോബാർ കെഎംസിസി നേതാക്കളായ സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട്, ആസിഫ് മേലങ്ങാടി എന്നിവർ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദീപ ജനതയ്ക്ക് ഒപ്പം നിന്ന് നടത്തുന്ന പ്രതിഷേധ പരിപാടികൾക്ക് പ്രവാസ ലോകത്തു നിന്ന് ശക്തമായ പിന്തുണ ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി. സംഘപരിവാറിന്റെ ഫാസിസ്റ്റ് അജണ്ടകളെ ചെറുത്തുതോൽപ്പിക്കുക എന്ന പ്രമേയത്തിൽ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത ലക്ഷദ്വീപ് ഐക്യദാർഢ്യ സമരത്തിൽ കെഎംസിസി ദമാം അബ്ദുള്ള ഫുആദ് ഏരിയ കമ്മിറ്റിയും പങ്കാളികളായി. ഷെബീർ രാമനാട്ടുകാര, ലത്തീഫ് മുത്തു, ഷൗക്കത്ത് അടിവാരം, വഹീദ് റഹ്മാൻ, എന്നിവർ നേതൃത്വം നൽകി.