മദീന: അവധിയിൽ നാട്ടിൽ പോയ യാമ്പു പ്രവാസിയും മാതാവും ഒരേ ദിവസം നിര്യാതരായി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സജി എസ് നായർ (44) അദ്ദേഹത്തിന്റെ മാതാവ് വസന്തകുമാരി അമ്മ എന്നിവരാണ് ഞായറാഴ്ച്ച രാവിലെ മരണപ്പെട്ടത്. ഗൾഫിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്നതിനിട യിലാണ് സജിയുടെ ആകസ്മിക മരണം. നാട്ടിൽ നിന്ന് മടങ്ങിവരാൻ മെയ് 8 ന് ശ്രലങ്കൻ എയർലൈൻസിന് സജി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം വിമാനം മുടങ്ങി.
അതിന് ശേഷം ബഹ്‌റൈൻ വഴി വരാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇതിനിടയിൽ കൊവിഡ് രോഗത്തിന് ചികിത്സ നടത്തുന്നതിനിടെയാണ് മരിച്ചത്. സജിയുടെ പിതാവ് ശശിധരൻ നായർ ഹൃദയാഘാതം മൂലം കഴിഞ്ഞ തിങ്കളാഴ്ച മരിച്ചിരുന്നു. ഒരാഴ്ചക്കിടെ കുടുംബത്തിലെ മൂന്ന് പേരുടെ മരണം നാട്ടിലും യാമ്പു പ്രവാസികൾക്കിടയിലും ഏറെ നോവുണർത്തി.
2003 മുതൽ സഊദി പ്രവാസം ആരംഭിച്ച സജി ഇപ്പോൾ യാമ്പു വ്യവസായ നഗരിയിലെ ലൂബ്റഫ് കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി സേവനം ചെയ്യുകയായിരുന്നു. അനുപമ യാണ് സജിയുടെ ഭാര്യ. മക്കൾ : ഗൗരി, ഗായത്രി. സഹോദരങ്ങൾ: ഷാജി എസ് നായർ, ശ്രീജ മഹേന്ദ്ര കുമാർ (ദമ്മാം ഇന്റർ നാഷനൽ സ്‌കൂൾ അധ്യാപിക).