Saturday, 27 July - 2024

സഊദിയിലെ ക്വാറന്റൈൻ ചിലവ് റിക്രൂട്ട്മെന്റ് ഏജൻസികൾ വഹിക്കണമെന്ന് ഫിലിപ്പൈൻസ്; തൊഴിലാളികളെ അയക്കുന്നത് താത്കാലികമായി നിർത്തി വെച്ചു

ദുബൈ: സഊദിയിൽ നടപ്പിലാക്കിയ കർശനമായ കൊവിഡ് പ്രോട്ടോക്കോളുകളെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ തീരുമാനം കാണാൻ കഴിയാത്തതിനെ തുടർന്ന് ഫിലിപ്പീൻസ് തങ്ങളുടെ തൊഴിലാളികളെ സഊദി അറേബ്യയിലേക്ക് അയക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുകൾ. സഊദി അറേബ്യയിലെത്തുന്ന ഫിലിപ്പൈൻ തൊഴിലാളികൾ സഊദി അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ചില്ലെങ്കിൽ സ്വന്തം ചെലവിൽ നിർബന്ധിത ഏഴു ദിവസത്തെ ക്വാറന്റൈനിൽ കഴിയണമെന്നതടക്കമുള്ള കാര്യങ്ങളിൽ അയവ് വരുത്താത്തതിനെ തുടർന്നാണ് കർശന നിലപാടിലേക്ക് നീങ്ങിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫിലിപ്പൈൻസിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വാക്സിൻ ചൈനയുടെ സിനോവക് വാക്സിൻ സഊദി അംഗീകരിച്ചിട്ടില്ല. അതിനാൽ തന്നെ ഇത് സ്വീകരിച്ചവർക്ക് സഊദിയിൽ നിർബന്ധിത ക്വാറന്റൈൻ ആവശ്യമാണ്‌. ഇതിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു പരിഹാരം കാണാൻ ഫിലിപ്പീൻസ് സഊദി അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. സഊദി ക്വാറന്റൈൻ അടക്കമുള്ള കാര്യങ്ങൾക്കുള്ള ചിലവ് റിക്രൂട്ട്‌മെന്റ് ഏജൻസികൾ നൽകണമെന്ന് ഫിലിപ്പൈൻ ഓവർസീസ് എംപ്ലോയ്‌മെന്റ് അഡ്മിനിസ്ട്രേഷൻ (POEA) ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യങ്ങളിലെല്ലാം തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് ഫിലിപ്പൈൻ തൊഴിലാളികളുടെ സഊദി അറേബ്യയിലേക്കുള്ള എല്ലാ യാത്രകളും താൽക്കാലികമായി നിർത്തി വെക്കുന്നതായി അറിയിച്ചത്.

അക്വിനോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള രണ്ട് ഫിലിപ്പൈൻ എയർലൈൻസ് (പി‌എ‌എൽ) വിമാനങ്ങൾ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ റദ്ദ് ചെയ്തു. 400 ലധികം തൊഴിലാളികളാണ് ഇതിൽ സഊദിയിലേക്ക് തിരിക്കേണ്ടിയിരുന്നത്. തങ്ങൾ ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനം ഉണ്ടായതിന് ശേഷം തൊഴിലാളികളെ അയച്ചാൽ മതിയെന്ന നിലപാടിലാണ് ഫിലിപ്പൈൻ സർക്കാർ.

തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യമായ ഫിലിപ്പൈനെ സംബന്ധിച്ചിടത്തോളം സഊദി അറേബ്യ അവരുടെ വിദേശ തൊഴിലാളികളുടെ പ്രധാന കേന്ദ്രമാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 500,000 ഫിലിപ്പിനോകൾ സഊദിയിൽ ജോലി ചെയ്യുന്നതായാണ് കണക്കുകൾ.

 

Most Popular

error: