Thursday, 12 September - 2024

മൂന്ന് പതിറ്റാണ്ട് അനുഭവ സമ്പത്തുമായി അലവിക്കുട്ടി ഒളവട്ടൂർ പ്രവാസ ലോകത്ത് നിന്നും താത്കാലികമായി വിടവാങ്ങുന്നു

റിയാദ്: സഊദിയിലെ മൂന്ന് പതിറ്റാണ്ട് നീണ്ട സുദീർഘമായ പ്രവാസ ജീവിതം അവസാനിപ്പിച്ച് അലവിക്കുട്ടി ഒളവട്ടൂർ പ്രവാസ ലോകത്ത് നിന്നും താത്കാലികമായി വിടവാങ്ങുന്നു. തലസ്ഥാന നഗരിയായ റിയാദിലെ മത, രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗത്തെ അറിയപ്പെട്ട വ്യക്തിത്വത്തിനുടമ കൂടിയായ അലവിക്കുട്ടി ഒളവട്ടൂർ, അറിയപ്പെട്ട സാമൂഹിക പ്രവർത്തകനും ബിസിനസ് പ്രമുഖനും  കൂടിയാണ്. വിവിധ സംഘടനകളിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഇദ്ദേഹം പ്രവാസ കാലത്തെ നിറഞ്ഞ അനുഭവ സമ്പത്തുമായാണ് പ്രവാസ ലോകത്ത് നിന്നും താത്കാലികമായി വിടവാങ്ങുന്നത്. ജൂൺ രണ്ടിന് അദ്ദേഹം സഊദിയിൽ നിന്നും നാട്ടിലേക്ക് തിരിക്കും.

1992 ഡിസംബർ 06 ലെ ഇന്ത്യയിലെ കറുത്ത ദിനത്തിലാണ് അദ്ദേഹം പ്രവാസ ലോകത്തേക്ക് കാലെടുത്തു വെച്ചത്. ബോംബെയിൽ ബാബരി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടാവും എന്ന് മുൻ കൂട്ടി മനസിലാക്കി ബോംബെയിൽ നിന്നും ഡിസംബർ അഞ്ചിന് യാത്ര ക്രമീകരിക്കുകയായിരുന്നു. 5 ന് വൈകിട്ട് ബോംബെയിൽ നിന്നും ദമാം  വഴി റിയാദ് എയർപ്പോർട്ടിൽ വെളുപ്പിന് മൂന്ന് മണിക്ക് ഫ്‌ളൈറ്റ് ഇറങ്ങി. ബന്ധുക്കൾ നൽകിയ വിസയിലായിരുന്നു സഊദി പ്രവാസത്തിന്റെ തുടക്കം. മലയാളം ടെലിവിഷൻ ചാനൽ ഇല്ലാത്ത കാലഘട്ടത്തിൽ തൊട്ടടുത്ത ദിവസം സുബ്ഹി കഴിഞ്ഞ സമയം സഊദി ടെലിവിഷൻ വഴി ആദ്യം അറിയുന്ന വാർത്ത ബാബരി മസ്ജിദിന്റെ താഴികക്കുടം കർസേവകർ പൊളിച്ചു എന്നുള്ളതായിരുന്നു. ആ ദാരുണ കൃത്യം ലോകത്തെ അറിയിച്ച സഊദിയിലെ തന്റെ ആദ്യ വാർത്ത ഇന്നും മനസ്സിൽ നീറ്റലായി കിടക്കുന്നതായി അദ്ദേഹം പങ്ക് വെച്ചു.

റിയാദിൽ വിമാനമിറങ്ങി എയർപ്പോർട്ടിൽ നിന്നും സ്വന്തക്കാരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടാത്തത് കാരണം ഏറെ ബുദ്ധിമുട്ടി, അന്ന് ഡയറിയിൽ കുറിച്ച വെച്ചിരുന്ന കോഴിക്കോട് ജില്ലയിലെ കടലുണ്ടി സ്വദേശിയായ മുഹമ്മദലി മാസ്റ്ററുടെ റിയാദ് ഹെഡ് പോസ്റ്റാഫീസിനടുത്തുള്ള റൂമിൽ ആദ്യം എത്തിയത്. കൂടെ വിസയിൽ മറ്റു മൂന്ന് പേർ കൂടി ഉണ്ടായിരുന്നു. വന്ന കാലം മുതൽ ഇത് വരെ (1993 – 2021) റാഡോ, ടിസോർട്ട് തുടങ്ങി സ്വിസ്സ് ബ്രാൻഡ് വാച്ചുകളുടെ സഊദി ഡീലറായ അൽ-ഗസാലിയുടെ ഹെഡ് ഓഫീസിൽ ഐടി സെക്‌ഷനിലാണ് ജോലി ചെയ്തിട്ടുള്ളത്. 1997 മുതൽ ഐടി മാനേജറായും സേവനമനുഷ്ടിച്ചു വരുന്നു.
ഓഫീസിനടുത്ത് മലാസിലാണ് ആദ്യം താമസിച്ചിരുന്നത്. പിന്നീട് കുടുംബം ഇവിടെ എത്തിയപ്പോൾ ബത്ഹയിലേക്ക് മാറിയതോടെയാണ് സമസ്തയുടെ പ്രവാസി ഘടകമായ ഇസ്‌ലാമിക് സെന്ററുമായുള്ള പ്രവർത്തന രംഗത്ത് സജീവമായിത്തുടങ്ങിയത്. സമസ്തയുടെ മദ്രസ്സക്ക് റിയാദിൽ തുടക്കം കുറിച്ചതും ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റിൽ നിന്നാണ്. പിന്നീട് റിയാദിൽ ഇസ്‌ലാമിക് സെന്ററിന്റെ സെക്രട്ടറിയറ്റ് മെമ്പർ, സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും തേടിയെത്തി. നിലവിൽ സമസ്തയുടെ സഊദിയിലെ ഔദ്യോഗിക ഘടകമായ സമസ്‌ത ഇസ്‌ലാമിക് സെന്റർ (എസ്‌.ഐ.സി) രൂപീകരിച്ചത് മുതൽ  അതിന്റെ ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരുന്നു.

കൂടാതെ, കെഎംസിസി റിയാദ് കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ്, കേരളൈറ്റ്സ് ബിസിനസ്സ് ഫോറം (കെ ബി എഫ്) ട്രഷറർ, മലപ്പുറം ജില്ലാ കെഎംസിസി യുടെ കീഴിലെ നൂർ ഇൻവെസ്റ്റ്‌മെന്റ് പദ്ധതി ഡയറക്ടർ, ഒളവട്ടൂർ ആലങ്ങാട് മഹല്ല് സമസ്‌ത ഇസ്‌ലാമിക് സെന്റർ ജിസിസി കമ്മിറ്റി ചെയർമാൻ, ഒളവട്ടൂർ ആലങ്ങാട് റഹീസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാർ സ്മാരക സമസ്‌ത ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി, സുപ്രഭാതം ദിനപ്പത്രം ഡയറക്ടർ, തത്സമയം ന്യൂസ് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ച് പോരുന്നു. 

കുടുംബ തറവാട് ഒളവട്ടൂരാണെങ്കിലും 2006 മുതൽ താമസം പുളിക്കലാണ്. പുറമെ കൊണ്ടോട്ടിക്കടുത്ത് നീറാടും ബോട്ടാണിക്കൽ ഹെറിറ്റേജോട് കൂടിയ വീട്ടിലും താമസമുണ്ട്. അരൂർ എ എം യു പി സ്കൂൾ, ജി എച്ച് എസ് എസ്, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം.
പ്രവാസം തുടങ്ങിന്നതിന് മുമ്പ് നാട്ടിൽ സഫിയാ ട്രാവൽസിന്റെ തിരൂർ, കോഴിക്കോട്, ബോംബെ ഓഫീസുകളിലും സേവനം അനുഷ്‌ടിച്ചു. 

വിദേശത്ത് ജോലിയോട് കൂടെ ബിസിനസ്സും കെട്ടിപ്പടുക്കാൻ തുടക്കം കുറിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് അലവിക്കുട്ടി. പലപ്പോഴും ബിസിനസ്സിൽ പലരുടെയും വഞ്ചനയിലും, ചതിയിലും അകപ്പെട്ടിണ്ട്. അതിൽ നിന്നെല്ലാം പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്ത് ഇന്റർ നാഷണൽ സ്‌കൂൾ, സൂപ്പർ മാർക്കറ്റ്, ഫുഡ്‌സ്റ്റഫ് വേറ്ഹൗസ്, മൊബൈൽ ഹോൾസെയിൽ, പ്ലാസ്റ്റിക് ഫാക്ടറി, റസ്റ്റോറന്റുകൾ, സൂട്ട് ഹോട്ടൽ എന്നിവക്കെല്ലാം തുടക്കം കുറിച്ചിട്ടുണ്ട്.

പുറമെ ജന്മനാട്ടിൽ കൊണ്ടോട്ടിയിൽ വിശാലമായ അൽ-ഗസ്സാലി പാത്രപ്പുര എന്ന പേരിൽ ഹോൾസെയിൽ-റീട്ടെയിൽ ഷോറൂം, ഐക്കരപ്പടിയിൽ അബാൽകോ ബിൽഡിംഗ് സൊലൂഷൻസ് എന്നീ സ്ഥാപനങ്ങളും, കോഴിക്കോട് ജില്ലയിലെ താമരശേരിയിൽ പ്രവർത്തിക്കുന്ന ഹിൽവ്യൂ ഇന്റർ-നാഷണൽ സ്‌കൂൾ എന്നിവയുടെ ഉടമ കൂടിയാണ്.  

കക്കോവ്‌ മുരിങ്ങാട്ട്‌ കളത്തിങ്ങൽ വെണ്ണാര അലവി ഹാജിയുടെ മകൾ ബുഷ്‌റയാണ് ഭാര്യ. മക്കൾ: ഹിബ നസ്രീൻ  മലേഷ്യയിൽ നിന്നും ഫാഷൻ ഡിസൈൻ & മാർക്കറിംഗിൽ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. മകൻ: മുഹമ്മദ് മുസ്തനീർ (ബയോ ടെക്‌നോളജി ഒന്നാം വർഷ വിദ്യാർത്ഥി) മകൾ: ഹുദാ നസ്രീൻ: എട്ടാം ക്ലാസിൽ പഠിക്കുന്നു. പരേതരായ ബീരാൻ കുട്ടി – ബീഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ ആറ് മക്കളിൽ മൂത്തയാളാണ് അലവിക്കുട്ടി. മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്.

പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന അലവികുട്ടി ഒളവട്ടൂരിന് സമസ്ത ഇസ്‌ലാമിക് സെന്റർ റിയാദ് കമ്മിറ്റി യാത്രയയപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം റിയാദിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലാണ് ‘സ്നേഹാദരവ്’ പരിപാടി നടക്കുക.

Most Popular

error: