തിരുവനന്തപുരം: സഊദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് നോർക്കയുടെ മുന്നറിയിപ്പ്. നിലവിൽ നേരിട്ട് വിമാന സർവ്വീസ് ഇല്ലാതിരിക്കുകയും ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വഴിയുള്ള യാത്ര പ്രതിസന്ധിയിൽ ആകുകയും ചെയ്തതിനെ തുടർന്ന് വിവിധ ട്രാവൽസുകൾ മറ്റു മാർഗ്ഗങ്ങൾ തേടുന്നതിനിടെയാണ് നോർക്കയുടെ മുന്നറിയിപ്പ്.
വിമാനഗതാഗതം ഇല്ലാത്തതിനെ തുടർന്ന് റോഡ് മാർഗ്ഗം ബഹ്റെെനിൽ നിന്ന് സഊദി അറേബ്യയിൽ പോകുന്നതിനായി ശ്രമിച്ച് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സഊദിയിൽ എത്തിക്കുന്നതിനോ തിരിച്ച് നാട്ടിൽ എത്തിക്കുന്നതിനോ അടിയന്തര നടപടി സ്വീകരിക്കണമെന്നും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ ഐ.എ.എസ്.ബന്ധപ്പെട്ട എംബസികളോട് ആവശ്യപ്പെട്ടു.
ബഹ്റൈൻ, സഊദി അറേബ്യ ഇന്ത്യൻ അംബാസിഡർ മാർക്കാണ് ഇക്കാര്യം ഉന്നയിച്ച് കത്തയച്ചത്. നിരവധി മലയാളികളാണ് ഇത്തരത്തിൽ കുടുങ്ങി കിടക്കുന്നത്. സ്വകാര്യ ഏജൻസികൾ നൽകുന്ന ഇത്തരം വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ പ്രവാസികൾ ജാഗ്രത പുലർത്തണമെന്നും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി അഭ്യർത്ഥിച്ചു.