Saturday, 27 July - 2024

ഷെഡ്യൂൾ ചെയ്‌ത വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചില്ല; 30,000 റിയാൽ നഷ്ടപരിഹാരം നൽകാൻ വിധി

റിയാദ്: ഷെഡ്യൂൾ ചെയ്‌ത വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയ സംഭവത്തിൽ യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ വിധി. മൂന്നര വർഷം മുമ്പ് നടന്ന സംഭവത്തിലാണ് തുർക്കിഷ് എയർ കുറ്റക്കാരെന്ന് കണ്ടെത്തി സഊദിയിലെ കൊമേർഷ്യൽ കോർട്ട് വിധി പുറപ്പെടുവിച്ചത്. തനിക്കുണ്ടായ നഷ്ടം നികത്തി തരണമെന്ന് വിമാന കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും വിമാന കമ്പനി മറുപടി നൽകാത്തതിനെ തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.

മൂന്നര വർഷം മുമ്പ് ഇസ്‌താംബൂൾ വഴി വെനിസ്വേലയിലേക്കുള്ള യാത്രയിലാണ് യാത്ര പാതി വഴിയിൽ വെച്ച് മുടങ്ങിയത്. തുർക്കിഷ് എയറിന്റെ വെബ്‌സൈറ്റിൽ നിന്നും വാങ്ങിയ ടിക്കറ്റ് ഉപയോഗിച്ച് സഊദിയിൽ നിന്നും ഇസ്‌താംബൂളിൽ ഇറങ്ങി അവിടെ നിന്ന് വെനിസ്വെലയിലേക്ക് പോകുമ്പോഴാണ് യാത്ര തടയപ്പെട്ടത്. വിമാനത്തിലേക്ക് കയറുമ്പ് മുമ്പ് കാരണം കൂടാതെ തടയുകയായിരുന്നു. പിന്നീട് ഇദ്ദേഹം ജിദ്ദയിലേക്ക് സ്വന്തം ടിക്കറ്റിൽ മടങ്ങുകയും തൊട്ടടുത്ത ദിവസം മറ്റൊരു കമ്പനിയുടെ വിമാനത്തിൽ വെനിസ്വലയിലേക്ക് പറക്കുകയും ചെയ്‌തു.

പിന്നീട് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഇദ്ദേഹം വിമാനകമ്പനിയെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല. വെനിസ്വേല അധികൃതരുടെ നിർദേശപ്രകാരമാണ് യാത്രക്കാരനെ ഒഴിവാക്കിയതെന്ന് വിമാന കമ്പനി കോടതിയിൽ വാദിച്ചെങ്കിലും ഇക്കാര്യം തെളിയിക്കാൻ സാധിച്ചില്ല. തൊട്ടടുത്ത ദിവസം യാത്രക്കാരൻ അതെ രാജ്യത്ത് തന്നെ ഇറങ്ങിയത് കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്‌തു. തുടർന്നാണ് നഷ്‌ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.

Most Popular

error: