Saturday, 27 July - 2024

കൊവിഷീൽഡും ആസ്ട്രാസെനികയും പേരിലെ വ്യത്യാസം പ്രശ്‌നമാകില്ലെന്ന് എംബസി; ഒന്നാണെന്ന് സഊദി മന്ത്രാലയത്തെ ബോധ്യപ്പെടുത്തി

റിയാദ്: പ്രവാസികൾ ഏറെ ആശങ്കയോടെ കണ്ടിരുന്ന വാക്‌സിൻ പേരുകളിലെ വ്യത്യാസം സങ്കീർണ്ണമല്ലെന്നും ഇത് പ്രശ്നമാകില്ലെന്നനും സഊദിയിലെ ഇന്ത്യൻ എംബസി. കൊവിഷീൽഡും ആസ്ട്രാസെനികയും ഒന്നെന്ന് സഊദി മന്ത്രാലയത്തെ ബോധ്യപ്പെടുത്തിയതായും എംബസി അറിയിച്ചു. സഊദിയിലെ മാധ്യമ പ്രവർത്തകരുമായും സാമൂഹിക പ്രവർത്തകരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസിഡർ ഡോ: ഔസാഫ് സഈദ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ നിർമ്മിക്കുന്ന കൊവീഷീൽഡ്‌ വാക്‌സിൻ ആണ് സഊദിയിൽ ഇറക്കുമതി ചെയ്യുന്നതെന്നും സഊദിയിൽ ആസ്‌ത്ര സെനിക എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഇക്കാര്യത്തിൽ പ്രശ്‌നം ഉദിക്കുന്നില്ലെന്നും അംബാസിഡർ അറിയിച്ചു. നിരവധി ആളുകൾ ഉന്നയിച്ചതിനെ തുടർന്നാണ് അംബാസിഡർ ഇക്കാര്യം വിശദീകരിച്ചത്.

എങ്കിലും ഇക്കാര്യം സഊദി അതോറിറ്റിയുമായി വിശദീകരിക്കുമെന്നും കൊവിഷീൽഡിന് മുഴുവൻ അംഗീകാരവും ഉണ്ടെന്നും അംബാസിഡർ പറഞ്ഞു. കൊവിഷീൽഡ് വാക്സിനേഷൻ പൂർത്തിയാക്കി വരുന്നവർക്ക് സഊദിയിലേക്ക് പ്രവേശനം ലഭിക്കും. സഊദി അധികൃതരുമായി ബന്ധപ്പെട്ട് കൊവിഷീൾഡും, ആസ്ട്രാ സെനിക്കയും ഒന്നു തന്നെയാണന്ന് ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും അതിനാൽ ഒട്ടും ആശങ്കയില്ലാതെ കൊവിഷീൾഡ് സീകരിച്ച സാക്ഷ്യ പത്രവുമായി സഊദിയിലേക്ക് വരാമെന്നും അംബാസഡർ പറഞ്ഞു. സഊദിയിലേക്ക് വരാനായി ഇന്ത്യയിൽ നിന്നും വാക്സിനെടുക്കുന്നവർ പാസ്പോർട്ട് നമ്പർ രേഖയായി സമർപ്പിക്കണമെന്നും ഇന്ത്യൻ എംബസി ഓർമ്മിപ്പിച്ചു.

ആധാർ നമ്പറിന് പകരം വാക്സിൻ രജിസ്ട്രേഷൻ സമയത്ത് തന്നെ പാസ്പോർട്ട് നമ്പർ നൽകുന്നതോടെ സഊദിയിലെത്തുമ്പോഴുള്ള സാങ്കേതിക തടസ്സം ഒഴിവാകും. സഊദിയിൽ അംഗീകാരമില്ലാത്ത കോവാക്സിൻ ഉൾപ്പെടെയുള്ളവ നിലവിൽ അധികാമാളുകൾ എടുത്തു കഴിഞ്ഞവരുണ്ട്. ഇവരുടെ കാര്യം എംബസി സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ബഹ്റൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സഊദിയിലെത്തിക്കുന്നതിന് ശ്രമം തുടരുന്നുവെന്നും 1500 ലേറെ ഇന്ത്യക്കാർ ബഹ്റൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അംബാസിഡർ അറിയിച്ചു. ഇവരെ പൂർണമായി എത്തിക്കാനും ശ്രമം തുടരുകയാണെന്നും ഈ വിഷയത്തിൽ എംബസിക്ക് സാധിക്കുന്ന രീതിയിലെല്ലാം ഇടപെടുന്നുണ്ടെന്നും അംബാസിഡർ അറിയിച്ചു.

Most Popular

error: