Saturday, 27 July - 2024

ലക്ഷദ്വീപിൽ നടപ്പാക്കുന്നത് സംഘ് പരിവാർ അജണ്ട: ജിദ്ദ നവോദയ

ജിദ്ദ: ശാന്തമായി ജീവിച്ചുകൊണ്ടിരിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ സംശയത്തിന്റെയും വെറുപ്പിന്റെയും വിത്തുകൾ പാകുക എന്ന സംഘ പരിവാർ അജണ്ടയാണ് പുതിയ അഡ്മിനിസ്ട്രെറ്റർ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിൽ നടപ്പാക്കുന്നതെന്ന് ജിദ്ദ നവോദയ കേന്ദ്രകമ്മറ്റി അഭിപ്രായപ്പെട്ടു.ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ പ്രദേശമായ ലക്ഷദ്വീപിലെ കഠിനാധ്വാനികളും, സംസ്കാരസമ്പന്നരുമായഒരു ജനതയുടെ വിശ്വാസങ്ങളെയും, പാരമ്പര്യത്തെയും ഇല്ലായ്മ ചെയ്യുകയെന്ന ഗൂഡലക്ഷ്യത്തിന്റെ നടത്തിപ്പുകാരനാണ് പുതിയ അഡ്മിനിസ്ട്രേറ്റർ.  പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഇഷ്ടക്കാരനും, മുൻ ഗുജറാത്ത്‌ ആഭ്യന്തര മന്ത്രിയുമായ പ്രഫുൽ പട്ടേലിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതിൽ തന്നെ സംഘപരിവാരത്തിന്റെ ഗൂഡ ലക്ഷ്യം വ്യക്തമാണ്.

ക്രിമിനൽ കേസുകളില്ലാത്ത പോലീസ് സ്റ്റേഷനും, ഒഴിഞ്ഞ് കിടക്കുന്ന ജയിലുകളുമാണ് മുമ്പ് ലക്ഷദ്വീപിൽ ഉണ്ടായിരുന്നത്. ഗുണ്ടാ ആക്ട് പ്രഖ്യാപിച്ച് തങ്ങൾക്കെതിരെ ഉയർന്ന് വരുന്ന പ്രതിഷേധങ്ങളെ മറയാക്കി ഒരു ജനതയെ ജയിലിലടച്ച് പീഡിപ്പിച്ച് ജയിൽ നിറക്കാനാണ് പുതിയ അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നത്.
ലക്ഷദ്വീപിലെ പ്രധാന ഭക്ഷണമായ ബീഫ് നിരോധിക്കുകയും, ഗോ വധ നിരോധന ബില്ല്  കൊണ്ട് വരിക വഴി ഒരു ജനതയെ പ്രക്ഷോഭത്തിന്റെ വഴിയിലേക്ക് തള്ളിവിടുന്നതിൽ ഒളിഞ്ഞ് കിടക്കുന്ന സംഘപരിവാർ അജണ്ട ബി ജെ പി നേതാക്കളുടെ പ്രസ്താവനകളിൽ നിന്ന് വ്യക്തമാണ്. ജനാതിപത്യ സംവിധാനത്തിലൂടെ നിലവിൽ വന്ന ദ്വീപ് ജില്ലാപഞ്ചായത്തിന്റെ അധികാരം വെട്ടികുറക്കുകയും രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കേർപ്പെടുത്തുകയും ചെയ്തു. ഒരു സമൂഹത്തിന്റെ സ്വച്ഛശാന്തമായ ജീവിതത്തിലേക്ക് കടന്ന്കയറുക വഴി തങ്ങൾക്കിഷ്ടമില്ലാത്ത ജനവിഭാഗങ്ങളെ അരക്ഷിതത്തിലേക്ക് തള്ളിവിടുകയെന്ന സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ് പ്രഫുൽ പട്ടേൽ ചെയ്യുന്നത്.

ലക്ഷദ്വീപ് ജനതയുടെ ജനാതിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും ഹനിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽപട്ടേലിനെ തിരിച്ച് വിളിച്ച് ലക്ഷദ്വീപിൽ ശാന്തിയും സമാധാനവും തിരിച്ച് കൊണ്ടുവരണമെന്നും ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി യോഗം ആവശ്യപ്പെട്ടു.നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, സി എം അബ്ദുറഹിമാൻ, ഗോപി മന്ത്രവാദി, ശിഹാബ് മക്ക എന്നിവർ സംസാരിച്ചു.ഫിറോസ് മുഴുപ്പിലങ്ങാട് സ്വാഗതവും ആസിഫ് കരുവാറ്റ നന്ദിയും രേഖപ്പെടുത്തി.

Most Popular

error: