മക്ക: പ്രവാസികളുടെ വാക്സിനേഷൻ നടപടികളുമായി ഉയർന്ന ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന ഗവൺമെൻറുകളുടെ അടിയന്തരഇടപെടൽ വേണമെന്ന് മക്ക കെഎംസിസി ആവശ്യപ്പെട്ടു. കൊവിഡ് വാക്സിനേഷൻ സർട്ടിഫികറ്റുമായി വരാത്ത യാത്രക്കാർക്ക് ഏഴ് ദിവസത്തെ ഇൻ സിറ്റിറ്റ്യൂഷനൽ ക്വാറന്റൈൻ സഊദി അറേബ്യ നിർബ്ബന്ധമാക്കിയിരിക്കയാണ്. ഇതിനിടയിലാണ് ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർന്നിരിക്കുന്നത്. ഇത് പരിഹരിക്കാൻ നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, എംപി, എം എൽ എ തുടങ്ങിയ പ്രതിനിധികൾക്ക് കെഎംസിസി നിവേദനം നൽകുകയും ചെയ്തു.
ഭാരിച്ച യാത്ര ചിലവിനോടൊപ്പം സഊദിയിലെ ഹോട്ടൽ ചിലവും രണ്ട് കൊവിഡ് ടെസ്റ്റ് ചിലവും കൂടെയാകുമ്പോൾ താങ്ങാനാ കാത്ത സാമ്പത്തിക ചിലവും സമയ നഷ്ടവും കൂടി വരികയാണ്. കേരളത്തിൽ കിട്ടുന്ന കൊവിഷീൽഡ് തന്നെയാണ് സഊദി അംഗികരിച്ച മരുന്നു കളിലൊന്ന്. പക്ഷെ ഇന്ത്യയിലെ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നിർമ്മിക്കുന്ന ഈ മരുന്നിന്റ മാതൃകമ്പനി നൽകിയ പേരാണ് ആസ്ട്ര സെനക്ക (ഓക്സ്ഫോർഡ് ) സഊദിയിൽ ഉപയോഗിക്കുന്നത്. അതിനാൽ കൊവിഷീൽഡ് എന്ന് മാത്രമെഴുതിയ സർട്ടിഫിക്കറ്റുമായി പോകുന്നവർ തിരിച്ചയക്കപ്പെടുകയോ ഹോട്ടൽ കോറന്റൈനിൽ നീരിക്ഷണത്തിൽ കഴിയാൻ നിർബ്ബന്ധിക്കാനും സാധ്യതയുണ്ടെന്ന പ്രചാരണം ശക്തമാണ്.
അതിനാൽ ആശങ്ക അകറ്റുന്നതിനു പ്രവാസികൾക്ക് വേണ്ടി സർട്ടിഫിക്കറ്റിൽ കൊവിഷീൽഡ് എന്നതോടൊപ്പം സഊദി അംഗീകരിച്ച പേരും കൂടെ ചേർക്കാൻ കഴിഞ്ഞാൽ ആശ്വാസമാകും. ഈ വിശയത്തിൽ കേന്ദ്ര, സംസ്ഥാനസർക്കാറുകളുടെ ശ്രദ്ധ കൊണ്ട്വരണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, ഇടി മുഹമ്മത് ബഷീർ എംപി, പികെ കുഞ്ഞാലിക്കുട്ടി എം എൽ എ എന്നിവർക്ക് കെഎംസിസി ഇ-മെയിൽ സന്ദേശം അയച്ചു.
മക്ക കെ എംസിസി ഓൺലെന്നിൽ ചേർന്ന കേന്ദ്ര എക്സിക്യൂട്ടീവ് യോഗം ട്രഷറർ സുലൈമാൻ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ അദ്യക്ഷം വഹിച്ചു. മുഹമ്മദ് മൗലവി, മുഹമ്മദ് ഷ മുക്കം, നാസർ കിൻസാറ, ഹംസ മണ്ണാർമല, മുസ്തഫ മുഞ്ഞക്കുളം, കുഞ്ഞാപ്പ പൂക്കോട്ടൂർ, മുസ്തഫ പട്ടാമ്പി, ഹാരിസ് പെരുവെള്ളൂർ പങ്കെടുത്തു. ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ നന്ദി പറഞ്ഞു.