Sunday, 19 May - 2024

ഈ വർഷം 45,000 വിദേശ ഹാജിമാർ, ഇന്ത്യയിൽ നിന്ന് 5,000 പേർ, ഒരുക്കങ്ങളും നിർദേശങ്ങളും അറിയാം

മക്ക: ഈ വർഷം വിദേശ തീർത്ഥാടകർ അടക്കം അറുപതിനായിരം ഹാജിമാർ വിശുദ്ധ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കും. ഇന്ത്യയിൽ നിന്ന് അയ്യായിരം ഹാജിമാർക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വിദേശ രാജ്യങ്ങളിലെ ഹജ്ജ് വകുപ്പുകൾക്ക് ലഭിച്ചു കഴിഞ്ഞു. 18നും 60നും ഇടയില്‍ പ്രായമുള്ള പൂര്‍ണ ആരോഗ്യമുള്ളവര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി നല്‍കുക.

ഹജ്ജിനു പങ്കെടുക്കുന്ന അറുപതിനായിരം തീർത്ഥാടകരിൽ സഊദിക്കകത്ത് നിന്ന് 15,000 തീർത്ഥാടകർക്കായിരിക്കും അനുമതി നൽകുക. ഇതോടൊപ്പം ഹജ്ജിന് പങ്കെടുക്കുന്നതിനുള്ള നിബന്ധനകളും അറിയിച്ചുട്ടുണ്ട്. കടുത്ത നിബന്ധനകൾ ആണ് നടപ്പിലാക്കുക. ഇവ പൂർണ്ണമായും പാലിക്കാതെ ഹാജിമാരെ അനുവദിക്കില്ല. കഴിഞ്ഞ ആറു മാസം ഏതെങ്കിലും ചികിത്സക്കായി ആശുപത്രികളിൽ പോയവരായിരിക്കരുത്. പൂർണ്ണ ആരോഗ്യവാന്മാരായിരിക്കണം, സഊദി അംഗീകരിച്ച വാക്‌സിനുകളിൽ ഏതെങ്കിലും ഒന്ന് പൂർണ്ണ തോതിൽ വാക്‌സിൻ സ്വീകരിക്കണം, അതാത് രാജ്യങ്ങളിൽ നിന്നുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം, വിദേശ ഹാജിമാർ സഊദിയിൽ എത്തിയ ഉടൻ മൂന്ന് ദിവസം നിർബന്ധിത ക്വാറന്റൈനിൽ പോകണം എന്നീ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

കൂടാതെ, വാക്‌സിൻ ആദ്യ ഡോസ് ചെറിയ പെരുന്നാൾ ദിനത്തിലും രണ്ടാം ഡോസ് സഊദിയിൽ പ്രവേശിക്കുന്നതിന്റെ പതിനാല് ദിവസം മുമ്പെങ്കിലും എടുത്തിരിക്കണം. വാക്‌സിൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഹാജിമാരുടെ പക്കൽ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം തുടങ്ങിയ നിബന്ധനകളും പാലിക്കണം.

ഹാജിമാരുടെ സൗകര്യങ്ങളിലും വേണ്ട ക്രമീകരണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഹാജിമാരുടെ താമസ സ്ഥലം സഊദി ഹജ്ജ് ഉംറ, ടൂറിസം മന്ത്രാലയങ്ങൾ മറ്റു ബന്ധപ്പെട്ട വകുപ്പുകൾ അംഗീകരിച്ച സ്ഥലത്ത് മാത്രമായിരിക്കും, താമസ സ്ഥലങ്ങളിൽ ഭക്ഷണ വിതരണം റൂമുകളിൽ എത്തിച്ച് നൽകും, പനി പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ അവരെ മാറ്റുവാനായി മുഴുവൻ കേന്ദ്രങ്ങളിലും പ്രത്യേക സെന്ററുകൾ ഉണ്ടായിക്കും, ഒരു സ്‌ക്വയർ മീറ്ററിൽ ഒരു ഹാജി എന്ന തോതിൽ തിരക്കൊഴിവാക്കാനായി സജ്ജീകരണങ്ങൾ ഉണ്ടാക്കണം, മസ്‌ജിദുൽ ഹറാമിലെ കാർപെറ്റുകൾ ഒഴിവാക്കും, രണ്ടു മീറ്റർ ഇടവിട്ടുള്ള പ്രത്യേക മാർക്കിങ് ഉണ്ടായിരിക്കണം, ഹറമിനകത്തെ പഠന ക്ളാസുകൾ ഒഴിവാക്കണം, ഇടവേളകളില്ലാതെ അണുനശീകരണം ഉൾപ്പെടെയുള്ള ശുചീകരണം നടത്തണം, ഓരോ ഹാജിക്കും പ്രത്യേക ബസും സീറ്റുകളും റിസർവ് ചെയ്യും. ഇതിൽ അവർക്ക് മാത്രമേ ഉപയോഗിക്കാൻ അനുവാദമുണ്ടാകൂ.

ഹജ്ജ് ക്വാട്ട പരിമിതപ്പെടുത്തിയതോടെ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് അയ്യായിരം പേര്‍ക്ക് മാത്രമായിരിക്കും അവസരം ലഭിക്കുകയെന്ന് ഹജ്ജ് സി.ഇ.ഒ അറിയിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി പറഞ്ഞു. ഇത് വീതം വയ്ക്കുമ്പോള്‍ കേരളത്തിന് കുറഞ്ഞയാളുകള്‍ക്ക് മാത്രമായിരിക്കും അവസരം ലഭിക്കുക. അവസരം ലഭിച്ചാലും യാത്രക്ക് മുന്‍പുള്ള കൊവിഡ് വാക്‌സിനേഷന്‍ തീര്‍ഥാടകര്‍ക്ക് തിരിച്ചടിയാകും. കൊവിഡ് ഒന്നാം വാക്‌സിനേഷന്‍ എടുത്ത് 84 ദിവസത്തിന് ശേഷമാണ് രണ്ടാം വാക്‌സിന് അനുമതിയുള്ളത്.ഹജ്ജ് സര്‍വിസുകള്‍ ജൂണ്‍ 26ന് തുടങ്ങുകയും വേണം. ഇതോടെ ആദ്യ വാക്‌സിനെടുത്തുള്ള രണ്ടാം വാക്‌സിനേഷന്‍ പ്രതിസന്ധിയിലാകും. വാക്‌സിനേഷന്‍ ദിവസപരിധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഹജ്ജ് സി.ഇ.ഒ കത്ത് നല്‍കിയിട്ടുണ്ട്.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/HtSvsLvOqJe3WyE8r2xhw1

Most Popular

error: