Saturday, 27 July - 2024

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് പഞ്ചായത്ത്‌ തലത്തിൽ സൗകര്യമൊരുക്കണം: മലപ്പുറം ജില്ല കെഎംസിസി

ജിദ്ദ: വിദേശത്തുനിന്ന് വാക്സിൻ എടുത്ത്  സഊദിദിയിലേക്ക് വരുന്നവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അതാത് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയം അറ്റസ്റ്റ് ചെയ്യണമെന്ന നിബന്ധനയുള്ളതിനാൽ പ്രവാസികൾക്ക് പഞ്ചായത്ത് തലത്തിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് സൗകര്യമൊരുക്കണമെന്ന്  മലപ്പുറം ജില്ലാ കെഎംസിസി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്ക് കെഎംസിസി ഭാരവാഹികൾ അയച്ചു കൊടുത്തു.

വാക്സിൻ വിതരണത്തിൻറെ ആദ്യഘട്ടത്തിൽ ആധാർ ഐഡിയിൽ വാക്സിൻ സ്വീകരിച്ചവർ  സഊദി അറേബ്യയിലേക്ക് വരുമ്പോൾ  നേരിടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടി വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കാൻ ഉള്ള സംവിധാനം ഒരുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

സഊദി അറേബ്യയിലേക്ക് തിരിച്ചു പോവേണ്ട പ്രവാസികൾക്ക് യാത്ര സാധ്യമാക്കുന്നതിനും അവിടെയുള്ള ഭാരിച്ച ക്വറന്റൈൻ ചെലവ് ഒഴിവാക്കുന്നതിനും സഹായകമായി  ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളിൽ സഊദിയിൽ അംഗീകാരമുള്ള  കോവിഷീൽഡ് വാക്സിൻ പഞ്ചായത്ത് തലത്തിൽ പ്രത്യേക രജിസ്ട്രേഷൻ വഴിയോ മറ്റോ വയസ്സ് പരിധിയില്ലാത്ത വിധത്തിൽ സ്വീകരിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും  നിവേദനത്തിൽ ആവശ്യപ്പെട്ടു.

സഊദിയിലേക്ക് തിരിച്ച് പോകാനുണ്ടായിരുന്ന ഏക മാർഗമായിരുന്ന ബഹ്റൈൻ വ്യോമയാന വഴിയും അടഞ്ഞ അവസ്ഥയിൽ വാക്സിൻ സ്വീകരിച്ച പ്രവാസികളെ നേരിട്ട് സഊദിയിലേക്ക് എത്തിക്കുന്നതിന് വേണ്ടി സഊദി സർക്കാരുമായി നയതന്ത്രതലത്തിൽ ചർച്ച നടത്തി പരിഹാരമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

പ്രവാസികളുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാർ അനുഭാവ പൂർവം എത്രയും പെട്ടെന്ന് പരിഗണിക്കപ്പെടുന്നമെന്ന് പ്രതീക്ഷിക്കുന്നതായി മലപ്പുറം ജില്ല കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ ഇല്യാസ് കല്ലിങ്ങൽ, ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ എന്നിവർ അറിയിച്ചു.

Most Popular

error: