Sunday, 6 October - 2024

വാക്സിൻ എടുക്കാതെ സഊദിയിലേക്ക് ഇന്ന് മുതൽ വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ പ്രാബല്യത്തിൽ

റിയാദ്: വാക്സിൻ സ്വീകരിക്കാതെ സഊദിയിലേക്ക് വരുന്നവർക്ക് ഇന്ന് മുതൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമായി. സഊദി അംഗീകരിച്ചിട്ടുള്ള നാല് വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് പൂർണ്ണ തോതിൽ സ്വീകരിക്കാത്തവർക്കാണ് ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാകുന്നത്. എന്നാൽ, നിലവിൽ സഊദിയിലേക്ക് യാത്രാനിരോധനമില്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദേശികൾക്കാണ് നിർബന്ധിത ക്വാറൻറീൻ.

ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ആണ് വിദേശികൾക്ക് നിർബന്ധബമാക്കിയത്. എന്നാൽ കോവിഡിനെതിരെ കുത്തിവെപ്പെടുത്തവർക്കും മറ്റു ചിലർക്കും ഇത് ആവശ്യമില്ല. ഔദ്യോഗിക പ്രതിനിധിസംഘങ്ങള്‍, നയതന്ത്ര സ്ഥാപനത്തിന് കീഴിൽ വിസയുള്ളവർ, അവരുടെ കുടുംബാംഗങ്ങൾ, വിമാന ജോലിക്കാർ, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കപ്പല്‍, വിമാന ജീവനക്കാര്‍, അതിര്‍ത്തികൾ കടന്നെത്തുന്ന ചരക്കുവാഹനങ്ങളിലെ ട്രക്ക് ഡ്രൈവര്‍മാർ, അവരുടെ സഹായികള്‍ എന്നിവര്‍ക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ആവശ്യമില്ല.

ടൂറിസം മന്ത്രാലയത്തിന് കീഴിലെ പ്രത്യേക ഹോട്ടലുകളിലാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. വിമാന ടിക്കറ്റിനൊപ്പം ഇത് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. വിമാന ടിക്കറ്റിനോടൊപ്പം ഹോട്ടല്‍ ബുക്കിങ്ങിനുള്ള തുകകൂടി അടക്കണം. സഊദി പൗരന്മാർ, സഊദി താമസ രേഖയില്ലാത്തവർ കൊവിഡ് ഇന്‍ഷുറന്‍സിനുള്ള തുകയും അടക്കേണ്ടി വരും.

എട്ട് വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും യാത്രയുടെ 72 മണിക്കൂറിനുള്ളിൽ എടുത്ത, അംഗീകാരമുള്ള കൊവിഡ് പി.സി.ആർ പരിശോധന നെഗറ്റിവ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കുകയും ക്വാറന്റൈൻ നിർബന്ധമില്ലാത്തവർ മന്ത്രാലയത്തിന്റെ പ്രത്യേക പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം. രാജ്യത്ത് റിപ്പോർട്ട് ചെയ്തു നാല് മണിക്കൂറിനുള്ളിൽ ബുക്ക് ചെയ്തിട്ടുള്ള ഹോട്ടലിൽ റിപ്പോർട്ട് ചെയ്യണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ നടപടിയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, വിദേശത്ത് നിന്ന് വാക്‌സിനെടുത്ത് വരുന്ന യാത്രക്കാർ പ്രത്യേക ഫോമിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്ന് സഊദി സിവിൽ എവിയെഷൻ എയർലൻസുകളെ അറിയിച്ചു. എന്നാൽ, സഊദികളും നേരത്തെ ക്വാറന്റൈന്‍ ആവശ്യമില്ലെന്നറിയിച്ചവര്‍ക്കും ഈ വ്യവസ്ഥ ബാധകമല്ല. കര, വ്യോമ മാർഗ്ഗങ്ങൾ വഴി വരുന്നവർക്കും ഇത് ബാധകമാണ്.

സഊദിയിൽ അംഗീകരിച്ച ഫൈസര്‍ ബൈനോട്ടക്, ഓക്സ്‌ഫോർഡ് ആസ്ട്ര സെനിക (കൊവിഷീല്‍ഡ്), മൊഡെർണ എന്നീ വാക്സിനുകളുടെ രണ്ടു ഡോസുകളും ജോൺസൻ വാക്സിന്റെ ഒറ്റ ഡോസും എടുത്ത ശേഷം 14 ദിവസങ്ങൾ പൂർത്തിയാക്കിയവരാണ് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. ഇവർക്ക് നിർബന്ധിത ക്വാറന്റൈൻ നിർബന്ധമില്ല. ഇതല്ലാത്ത മറ്റു വാക്സിനുകൾ എടുത്തവരുടെ രജിസ്‌ട്രേഷൻ സ്വീകരിക്കില്ല.

Most Popular

error: