ദമാം: വാക്സിൻ കുത്തിവെപ്പെടുക്കാതെ സഊദിയിലേക്ക് പ്രവേശിക്കാനായി ബഹ്‌റൈൻ വഴി കോസ്‌വേയിൽ എത്തിയവർക്ക് പ്രവേശനാനുമതി നൽകുന്നില്ലെന്ന് റിപ്പോർട്ട്. ബഹ്‌റൈനിൽ പതിനാല് ദിവസം ക്വാറന്റൈൻ പൂർത്തിയാക്കി സഊദിയിലേക്ക് പ്രവേശിക്കാനായി എത്തിയവരെയാണ് ഇത്തരത്തിൽ പ്രവേശനാനുമതി നൽകാതെ തിരിച്ചയത്. ഇതോടെ സഊദിയിലേക്ക് പോകാനായി ബഹ്‌റൈനിൽ എത്തിയ മലയാളികൾ ആശങ്കയിലായി.
ഇന്ന് മുതലാണ് സഊദിയിൽ ഹോട്ടൽ ക്വാറന്റൈൻ സംവിധാനം നിർബന്ധമാകുന്നത്. ഇതിനായി ഹോട്ടൽ ബുക്കിംഗ് അടക്കം സഊദി എയർലൈൻസ് പാക്കേജുകൾ പുറത്ത് വിട്ടിരുന്നു. എന്നാൽ, കരമാർഗ്ഗം പോകുന്നവർക്ക് ഇത് ബാധകമല്ലെന്നായിരുന്നു ഏവരും കരുതിയിരുന്നത്. ഇന്ന് പുലർച്ചെ വരെ സഊദിയിലേക്ക് ഏവരെയും കടത്തിവിടുകയും ചെയ്തിരുന്നു. എന്നാൽ, ഏകദേശം ആറ് മണിക്ക് ശേഷം വാക്സിൻ എടുക്കാത്തവരെ തിരിച്ചയക്കുകയായിരുന്നു.
സഊദി അംഗീകരിച്ച നാല് വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് സ്വീകരിക്കാത്ത മറ്റുള്ളവരെയും കടത്തി വിട്ടില്ലെന്നാണ് റിപ്പോർട്ട്. ബഹ്‌റൈൻ അംഗീകരിച്ച ചില വാക്സിനുകൾക്ക് സഊദിയിൽ അംഗീകാരമില്ല. അതിനാൽ തന്നെ ബഹ്‌റൈനിൽ നിന്ന് ഇത്തരം വാക്സിനുകൾ എടുത്ത സഊദിയിൽ തൊഴിൽ ചെയ്യുന്ന ആളുകളെയും കടത്തി വിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കര മാർഗ്ഗം സഊദിയിലേക്ക് പ്രവേശിക്കുമ്പോൾ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ വിവരങ്ങൾ സംബന്ധിച്ച കാര്യങ്ങൾ വ്യക്തമല്ല. ഇക്കാര്യങ്ങളിൽ വരും മണിക്കൂറുകളിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്. വൻതുക മുടക്കി ബഹ്‌റൈനിൽ പതിനാല് ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ് സഊദിയിലേക്ക് പ്രവേശിക്കാനായി നിരവധി പേരാണ് ഉള്ളത്. അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിവർ.
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇
https://chat.whatsapp.com/IgvrMdmC6pa6UxhfM0m76d