കാഠ്മണ്ഡു: നേപ്പാളിൽ രണ്ടായിരം ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നതായും ഇന്ത്യക്കാർ ഉൾപ്പെടെ ഇവിടെ കുടുങ്ങിയിരിക്കുന്നത് ഏഴായിരം വിദേശികളാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ സ്ഥിതിഗതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ പൗരന്മാരെ രാജ്യങ്ങളിലേക്ക് എത്തിക്കാൻ പ്രത്യേക ചാർട്ടർ വിമാനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. തങ്ങളുടെ പൗരന്മാരെ കൊണ്ട് പോകാൻ വിമാനങ്ങൾക്ക് അനുമതി നൽകണമെന്ന എംബസികളുടെ ആവശ്യത്തെ തുടർന്നാണിത്. യു എസ് എംബസിയുടെ ആവശ്യപ്രകാരം ഖത്തർ, തുർക്കിഷ് എയർലൈൻസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
നേപ്പാളിൽ കുടുങ്ങിയ പർവതാരോഹകർ ഉൾപ്പെടെയുള്ളവരെ തിരിച്ചയക്കാനുള്ള ശ്രമങ്ങൾ വിദേശ എംബസികൾ ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ഇവിടെ രണ്ടായിരത്തോളം ഇന്ത്യക്കാർ ഉൾപ്പെടെ 7,000 ത്തിലധികം വിദേശികൾ കുടുങ്ങിക്കിടക്കുന്നതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വിമാന സർവ്വീസ് വിലക്ക് വന്നതോടെ നിരവധി ഇന്ത്യക്കാർ നേരത്തെ തന്നെ തിരിച്ചു പോയിട്ടുണ്ട്. വിദേശ എംബസികളുടെ ആവശ്യപ്രകാരം ചില ചാർട്ടേഡ് വിമാനങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് സിവിൽ എവിയെഷൻ അതോറിറ്റി അറിയിച്ചു.
ഇന്ത്യൻ പൗരന്മാരെ സഊദി അറേബ്യയിലേക്ക് എത്തിക്കാൻ നേപ്പാൾ എയർലൈൻസിനും ഹിമാലയ എയർലൈൻസിനും ഏഴ് വിമാന സർവ്വീസുകൾക്ക് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, സഊദി ഭാഗത്ത് നിന്നുള്ള നടപടികൾ പൂർത്തിയായിട്ടില്ലെന്നും തുടർ ദിവസങ്ങളിൽ സർവ്വീസുകൾ ആരംഭിക്കാനാവുമെന്നാണ് കരുതുന്നതെന്നുമാണ് എയർലൈൻസ് വൃത്തങ്ങൾ പറയുന്നത്.
ഓക്സിജൻ ക്ഷാമവും കുതിച്ചുയരുന്ന കൊവിഡ് രോഗബാധയും ആരോഗ്യസംരക്ഷണ സംവിധാനത്തെ ബാധിക്കുന്ന നിലയിലേക്ക് നീങ്ങുന്നതയാണ് സൂചന. ഇതേ തുടർന്ന് ഇതിനകം തന്നെ നേപ്പാൾ അന്താരാഷ്ട്ര സഹായം തേടിയിയിട്ടുണ്ട്. നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി നേപ്പാളിലേക്കും പുറത്തേക്കും ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വാണിജ്യ യാത്രാ വിമാനങ്ങളുടെ നിയന്ത്രണം മെയ് 31 അർദ്ധരാത്രി വരെ നീട്ടിയിട്ടുണ്ട്. ഇതേ തുടർന്നാണ് എംബസികൾ അടിയന്തിര ചാർട്ടേഡ് വിമാന സർവ്വീസുകൾക്ക് അനുമതി തേടിയത്.