കാഠ്മണ്ഡു: നേപ്പാളിൽ ഇപ്പോൾ കുടുങ്ങി കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസമായി നേപ്പാൾ സർക്കാരിന്റെ പുതിയ തീരുമാനം. നിലവിൽ സഊദിയിലേക്ക് പോകാനായി നേപ്പാളിൽ എത്തിയവരെ സഊദിയിൽ എത്തിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനായി റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് പ്രത്യേക ചാർട്ടേഡ് വിമാന സർവ്വീസുകൾ ആരംഭിക്കാനാണ് അനുമതി നൽകിയത്.
ഇന്ത്യൻ എംബസിയുടെ അഭ്യർത്ഥന പ്രകാരം നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് റിയാദിലേക്കോ ജിദ്ദയിലേക്കോ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകുമെന്ന് നേപ്പാൾ സിവിൽ എവിയേഷൻ അതോറിറ്റി അറിയിച്ചു. നേപ്പാൾ എയർ ലൈൻസ്, ഹിമാലയ എയർലൈൻസ് എന്നിവക്കാണ് ചാർട്ടേഡ് സർവ്വീസുകൾ നടത്താൻ പ്രത്യേക അനുമതി നൽകിയിരിക്കുന്നത്. സർവ്വീസുകളെ കുറിച്ച് വിമാന കമ്പനികൾ ഉടൻ വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്നും അതോറിറ്റി. ഇവിടെ കുടുങ്ങിയ മലയാളികൾ അടക്കം ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം.
അന്താരാഷ്ട്ര ഷെഡ്യൂൾ ഫ്ലൈറ്റുകളുടെ സസ്പെൻഷൻ കാലയളവ് 2021 മെയ് 31 വരെ നീട്ടിയതായി നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎൻ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മെയ് അർദ്ധരാത്രി മുതൽ ഈ മാസം പതിനാല് വരെ പ്രഖ്യാപിച്ച വിമാന വിലക്കാണ് ഈ മാസം 31 വരെ നീട്ടിയത്. ഇതോടെ, നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര പൂർണ്ണമായും അനിശ്ചിതത്വത്തിലായിരുന്നു. നിരവധി ഇന്ത്യക്കാരാണ് സഊദി യാത്രക്കിടെ ഇവിടെ കുടുങ്ങി കിടക്കുന്നത്. ഇവരെ സഊദിയിലെത്തിക്കാൻ നടപടികൾ കൈകൊള്ളണമെന്ന ആവശ്യം ശക്തമായി ഉയർന്നതോടെയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. മലയാളം പ്രസ്സ് അടക്കമുള്ള മാധ്യമങ്ങൾ നേപ്പാളിൽ കുടുങ്ങി കിടക്കുന്നവരുടെ ദുരിത കഥകൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇