Thursday, 12 September - 2024

കെഎംസിസി പ്രവർത്തകർ പള്ളി ശുചീകരിച്ചു

ജിദ്ദ: പെരുന്നാൾ പ്രമാണിച്ചു സനാഇയ്യ ഏരിയ കെ.എം.സി.സി.പ്രവർത്തകർ പള്ളി ശുചീകരണം നടത്തി മാതൃകയായി. സൗദി മതകാര്യ വകുപ്പിൻ്റെ അനുമതിയോടെ സനായിയ്യ വ്യാവസായിക മേഖലയിലെ ഏറ്റവും വലിയ പള്ളിയാണ് കെ.എം.സി.സി വോളണ്ടിയർമാർ ഇന്നലെ രാത്രി ശുചീകരിച്ചത്. പ്രത്യേകം തെരഞ്ഞെടുത്ത അമ്പത് പേരടങ്ങുന്ന പ്രവർത്തകരാണ് ഇരുനില പള്ളിയുടെ അകവും പുറവും പരിസര പ്രദേശവും ശുചീകരണം നടത്തിയത്. ഇൻഡസ്ട്രിയൽ ഏരിയയിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രാർത്ഥനക്ക് എത്തുന്ന വലിയ പള്ളിയാണിത്. ഇന്ന് കാലത്ത് പെരുന്നാൾ നമസ്കാരത്തി നെത്തിയ ജനങ്ങളെ നിയന്ത്രിക്കാനുള്ള വോളണ്ടിയർ ചുമതലയും ഇവിടെ കെ.എം.സി.സി പ്രവർത്തകർക്കായിരുന്നു.

ഇന്നലെ രാത്രി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സ്വരൂപിച്ച ഫിത്ർ സകാത് വിതരണമുണ്ടായിരുന്നു. വ്യവസായിക മേഖലയിൽ ആയിരക്കണക്കിന് ആളുകളുടെ താമസ കേന്ദ്രങ്ങളിൽ അരി വിതരണം ചെയ്ത ശേഷമാണ് പ്രവർത്തകർ പള്ളിയുടെ ശുചീകരണം നിർവഹിച്ചത്. സനായിയ ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി ഹനീഫ പാണ്ടിക്കാടിൻ്റെ നേതൃത്വത്തിലാണ് പള്ളി ശുചീകരണവും ഫിത്വർ സകാത് വിതരണവും നടന്നത്. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളും സ്ഥലത്തെത്തിയിരുന്നു.

പെരുന്നാൾ രാവിൽ ഫിത്ർ സകാത് വിതരണവും ഒപ്പം പള്ളി ശുചീകരണവും നടത്തി സേവനത്തിന്റെ മഹനീയ മാതൃക കാണിച്ച സനാഇയ്യ ഏരിയ കെഎംസിസി പ്രവർത്തകരെ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര അഭിനന്ദിച്ചു.

Most Popular

error: