റിയാദ്: രാജ്യത്തെ സ്വദേശികളെയും വിദേശികളെയും ചേർത്ത് നിർത്തി സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ചെറിയ പെരുന്നാൾ ആശംസ നേർന്നു. ലോകത്താകമാനം സമാധാനം നിലനിൽക്കാനും കൊറോണയുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച വേദനകൾ മറികടക്കാനും പരീക്ഷണങ്ങൾ തരണം ചെയ്യാനും സാധിക്കട്ടെയെന്ന് സർവശക്തനോട് പ്രാർഥിക്കുന്നതായി രാജാവ് പറഞ്ഞു. സഊദി മീഡിയ മന്ത്രി ഡോ: മാജിദ് അൽ ഖസബിയാണു രാജാവിന്റെ പെരുന്നാൾ സന്ദേശം വായിച്ചത്.
അതോടൊപ്പം സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മുസ്‌ലിം രാജ്യങ്ങളിലെ നേതാക്കളുമായി ഈദ് അൽ ഫിത്വർ ആശംസകൾ കൈമാറി. രാജാവിനും കിരീടാവകാശിക്കും പെരുന്നാൾ ആശംസകൾ മുസ്‌ലിം രാജ്യങ്ങളിലെ നേതാക്കളിൽ നിന്ന് ലഭിച്ചുവെന്നും അവർക്ക് നന്ദി അറിയിക്കുകയും ആശംസകളും ആശംസകളും അറിയിക്കുകയും ചെയ്തുവെന്ന് സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.