Saturday, 27 July - 2024

റമദാൻ കൊണ്ട് വിജയിച്ചവരിൽ ഉൾപ്പെടാൻ ശ്രമിക്കുക: റാഷിദ് ഗസാലി

ജിദ്ദ: വിശുദ്ധ റമദാനിൽ പരമാവധി പുണ്യ പ്രവർത്തനങ്ങൾ നടത്തി റമദാൻ കൊണ്ട് വിജയം നേടിയവരിൽ ഉൾപ്പെടാൻ ശ്രമിക്കണമെന്ന് യുവ പണ്ഡിതനും ട്രൈനറും ‘സൈൻ’ എക്സിക്യൂട്ടീവ് ഡയറക്ടറുമായ റാഷിദ്‌ ഗസാലി ഉദ്ബോധിപ്പിച്ചു. റമദാനിലെ വൃതം കാരണം സ്വഭാവം നന്നാവുകയും മനസ് ശുദ്ധമാവുകയും ചിന്തകൾ നന്നാവുകയും ഒപ്പം ഇടപാടുകൾ നന്നാവുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ‘സൈൻ’ ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച ‘മഹാമാരിയും കടന്ന്’ ഏഴാമത് റമദാൻ പ്രഭാഷണ പരിപാടിയുടെ രണ്ടാം സെഷനിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഏത് പ്രതിസന്ധിയെയും വകഞ്ഞ് മാറ്റാൻ കഴിയുന്ന ഏത് സാഹചര്യത്തെയും മറി കടക്കാൻ കഴിയുന്ന പ്രപഞ്ച നാഥന്റെ കാരുണ്യം നമുക്ക് മേൽ ഉണ്ടെന്ന ഉറച്ച ബോധ്യം നമുക്ക് എപ്പോഴും വേണമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ പരീക്ഷണം നേരിടുമ്പോൾ നിരാശപ്പെടാതെയും പരാതിപ്പെടാതെയും ക്ഷമ കൈകൊണ്ടാൽ അല്ലാഹുവിന്റെ കാരുണ്യം തീർച്ചയായും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശുദ്ധ റമദാനിലെ വൃതം കാരണം ക്ഷമിക്കാനും നന്ദി കാണിക്കാനും കഴിയുന്ന ഒരു മനസിന്റെ ഉടമകളാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് കാരണം പലർക്കും വരുമാനം കുറയുകയും നഷ്ടം കൂടുകയും ചെയ്തു. ഇത്തരം പരീക്ഷണ ഘട്ടങ്ങളിൽ പരാതി പറയാതെ ക്ഷമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷമ ഏറ്റവും വലിയ ധീരന്റെയും ശക്തന്റെയും അടയാളമാണെന്ന് ഖലീഫ ഉമറിന്റെ ചരിത്രം വിവരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

രോഗികളെ സന്ദർശിക്കുക, പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുക, കഷ്ടപ്പെടുന്നവരെ സഹായിക്കുക, ആശുപത്രികൾ സന്ദർശിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ സൃഷ്ടവിനോട് നന്ദി ചെയ്യാനുള്ള മനസ് ഉണ്ടാവുമെന്ന്‌ അദ്ദേഹം പറഞ്ഞു. വരുമാനത്തിന്റെ ഒരു ഭാഗം കുടുംബക്കാർ, അയൽവാസികൾ, നാട്ടുകാർ, സുഹൃത്തുക്കൾ എന്നിവരെ സഹായിക്കാൻ മാറ്റി വെക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കൊവിഡ് കാലത്ത് പള്ളികളിൽ പ്രവേശനം ഇല്ലെങ്കിലും ഹൃദയങ്ങൾ പള്ളികളുമായി ചേർത്ത് വെക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികൾ പരിവർത്തനത്തിന്റ കേന്ദ്രങ്ങളാണെന്നും ആരാധനയുടെ പൊരുൾ ഹൃദയത്തിന്റെ വിശുദ്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂം ഓൺലൈൻ പ്ലാറ്റുഫോമിൽ നടന്ന പരിപാടിയിൽ സൈൻ ജിദ്ദ ഡയറക്ടർ ഷാനവാസ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസർ അബ്ദുൽ ഹയ്യ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി.

സൈൻ ജിദ്ദ ഡെപ്യൂട്ടി ഡയറക്ടർ അഷ്‌റഫ്‌ പൊന്നാനി സ്വാഗതവും ഹിഫ്സു റഹ്മാൻ നന്ദിയും പറഞ്ഞു.

Most Popular

error: