ദമാം: സഊദി ഒഐസിസി യുടെ ദേശീയ അധ്യക്ഷനും കോൺഗ്രസ്സിൻ്റെ മുന്നണി പോരാളിയുമായിരുന്ന പിഎം നജീബിൻ്റെ ആകസ്‌മികമായ വേർപാട് പ്രവാസലോകത്തിനു മാത്രമല്ല കോൺഗ്രസ് പ്രസ്ഥാനത്തിനും അതിലുപരി വ്യക്തിപരമായും തനിക്ക് വലിയ നഷ്ടമാണെന്ന് കോഴിക്കോട് എംപി എംകെ രാഘവൻ അനുസ്മരിച്ചു. ഒഐസിസി സഊദി നാഷ്ണൽ കമ്മിറ്റി സംഘടിപ്പിച്ച പിഎം നജീബ് അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എസ് യു യൂത്ത് കോൺഗ്രസ്സ് കാലം മുതലുള്ള രാഷ്ട്രീയപരവും വ്യക്തിപരവുമായ അടുപ്പം ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് വരെ ഊഷ്മളമായിരുന്നു. ഏതു വിഷയവും വളരെ പക്വതയോടെയും സൗമ്യതയോടെയും കൈകാര്യം ചെയ്യാൻ പ്രത്യേക കഴിവ് സിദ്ധിച്ച വ്യക്തിയായിരുന്ന അദ്ദേഹം. ആരെയും ആകർഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്ന നജീബ് തന്റെ രാഷ്ട്രീയ ജീവിതം നാട്ടിൽ കരുപ്പിടിപ്പിച്ചിരുന്നുവെങ്കിൽ തീർച്ചയായും ഇന്ന് കേരളസംസ്ഥാനം അറിയപ്പെടുന്ന മുൻനിര നേതാക്കളിൽ ഒരാളാകുമായിരുന്നു. കഴിഞ്ഞ കൊവിഡ് കാലത്തു പ്രവാസി സമൂഹത്തിനായി അദ്ദേഹം നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ എക്കാലവും ഏതൊരു രാഷ്ട്രീയ നേതാവിനും മാതൃകയാക്കാവുന്ന ഒന്നാണ്. ഭക്ഷണ സാമഗ്രികൾ എത്തിക്കുന്നത് മുതൽ പണിയും പണവും ഇല്ലാതെ കഷ്ടത അനുഭവിക്കുന്ന പ്രവാസി സഹോദരങ്ങളെ നാട്ടിലെത്തിക്കുന്നതു വരെ നീളു ന്നു ആ കർമപഥം.
മലബാറിലെ തലയെടുപ്പുള്ള നേതാക്കളിൽ ഒരാളും മതേതര മുഖവുമായിരുന്ന സാദിരിക്കോയയുടെ പുത്രനായ പിഎം നജീബ് പുലർത്തിപ്പോന്ന രാഷ്ട്രീയബോധവും സംഘടനാ പാഠവവും സാമൂഹിക മര്യാദകളും സൗമ്യമായ വ്യക്തിത്വവും അദ്ദേഹത്തിന് ജന്മനാ സിദ്ധിച്ച കഴിവുകളാണ്. അങ്ങനെയുള്ള ഒരു വ്യക്തിയുടെ പെട്ടന്നുള്ള വേർപ്പാട് അദ്ദേഹത്തിന്റെ കുടുംബത്തിനെന്ന പോലെ പ്രവാസലോകത്തിനും നികത്താനാവാത്ത നഷ്ടം തന്നെയായിരിക്കും. ആയതിനാൽ പ്രവാസലോകം നജീബിന്റെ ഓർമ്മകൾ നിലനിർത്താൻ ബാധ്യസ്ഥരാണ് എന്നും അതിനു വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും രാഘവൻ എംപി കൂട്ടിച്ചേർത്തു.
കോൺഗ്രസ്സ് ഐക്യത്തിന് വേണ്ടി എക്കാലവും നിലകൊണ്ട നേതാവ്: കെസി ജോസഫ്
ഒഐസിസിയുടെ എല്ലാമെല്ലാമായിരുന്ന പിഎം നജീബ് എക്കാലവും സംഘടനയുടെ കെട്ടുറപ്പിനും ഐക്യത്തിനും വേണ്ടി നിതാന്ത പരിശ്രമം നടത്തിയിരുന്ന ഒരു അതുല്യ നേതാവായിരുന്നു. പാരമ്പര്യമായി സിദ്ധിച്ച സംഘടനാപാഠവം കൊണ്ട് വര്ഷങ്ങളായി പ്രവാസലോകത്തും നാട്ടിലും ഉള്ള എല്ലാ കോൺഗ്രസ് അനുഭാവികളെയും ചേർത്തു പിടിച്ച് മുന്നോട്ട് പോകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ദേശീയ അധ്യക്ഷൻ എന്ന നിലയിൽ സഊദിയിൽ കോൺഗ്രസ് പ്രവർത്തനങ്ങൾ ശക്തമായി ഏകോപിച്ചു കൊണ്ടുപോകുന്നതിൽ നജീബ് സൂക്ഷ്മത പാലിച്ചിരുന്നു. വ്യക്തിപരമായി ഏറെ ആത്മബന്ധം പുലർത്തിയിരുന്ന നജീബിന്റെ മരണം ഇപ്പോഴും മാനസികമായി ഉൾകൊള്ളാൻ തനിക്കായിട്ടില്ലെന്നു മുൻ പ്രവാസികാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ കെസി ജോസഫ് അഭിപ്രായപ്പെട്ടു. തന്റെ ജീവിതത്തിലുടനീളം സത്യസന്ധത പുലർത്തിപ്പോന്ന ഒരു മുഴുവൻ സമയ കോൺഗ്രസ് പ്രവർത്തകൻ എന്നതിലുപരി കോൺഗ്രസ് പ്രസ്ഥാനത്തോട് കൂറും ആത്മാർത്ഥതയും പുലർത്തിയിരുന്ന എക്കാലവും വിശ്വസിക്കാവുന്ന ഒരു നേതാവ് കൂടിയായിരുന്നു പിഎം നജീബ് എന്ന് കെസി ജോസഫ് കൂട്ടിച്ചേർത്തു.
മഹാനായ പിതാവിന്റെ പ്രിയങ്കരനായ പുത്രൻ : മാന്നാർ അബ്ദുൽ ലത്തീഫ്
സഊദി ഒഐസിസി ദേശീയാധ്യക്ഷൻ എന്ന നിലയിൽ മുഴുവൻ പ്രവർത്തകരെയും ഒന്നിച്ചു ഏകോപിപ്പിച്ചു കൊണ്ട് പോകുന്നതിൽ പ്രധാന പങ്കുവഹിച്ച പിഎം നജീബിന്റെ വേർപ്പാട് വ്യക്തിപരമായി എനിക്കുണ്ടാക്കിയ അമ്പരപ്പ് പങ്കുവെക്കുന്നുവെന്നു ഒഐസിസി സംഘടനാചുമതയുണ്ടായിരുന്ന കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് അഭിപ്രായപ്പെട്ടു. സംഘടനാ ചുമതലയുമായി ബന്ധപ്പെട്ട് താൻ നടത്തിയ സഊദി സന്ദർശന വേളകളിൽ എല്ലായ്‌പ്പോഴും നജീബ് പ്രവർത്തകർക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ രമ്യമായി പരിഹരിക്കുന്നതിനും കെപിസിസി യുമായി കൂടിയാലോചിച്ചു സംഘടനയെ ഏകോപിപ്പിക്കുന്നതിനും വേണ്ട മാർഗനിർദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. വിനയാന്വിതനായി മാത്രം പെരുമാറുകയും സ്നേഹമസൃണമായി സംസാരിക്കുകയും ചെയ്തിരുന്ന പിഎം നജീബ് അക്ഷരാർത്ഥത്തിൽ മഹാനായ പിതാവിന്റെ പ്രിയങ്കരനായ പുത്രനായിരുന്നു എന്നും പ്രസ്ഥാനത്തിനുണ്ടായ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണെന്നും അബ്ദുൽ ലത്തീഫ് കൂട്ടിചേർത്തു.
പിഎം നജീബ് വികാര വായ്പൊടുകൂടിയ പച്ചയായ മനുഷ്യൻ: മൻസൂർ പള്ളൂർ
ഒഐസിസിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനുമൊക്കെ അപ്പുറത്തേക്ക് വളർന്നിരുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു പിഎം നജീബ്. പ്രവാസകാലയളവിൽ തന്റെ ജീവിതത്തോട് ഇത്രമാത്രം ഒട്ടിചേർന്ന നിന്ന മറ്റൊരു വ്യക്തിയും ഇല്ല. രാഷ്ട്രീയ കാര്യങ്ങൾക്കപ്പുറം വ്യക്തിപരമായ തുറന്നുപറച്ചിലുകളുമായി രാപ്പകൽ ഭേദമില്ലാതെ ഒരു കൂടപ്പിറപ്പിനെപ്പോലെ കൂട്ടിരുന്നവനായിരുന്നു തനിക്ക് നജീബ്. പ്രവാസികളുടെ കഷ്ടപ്പാടിന്റെ ചൂടും ചൂരും അറിഞ്ഞ നജീബ് പ്രവാസ പുനരധിവാസത്തിനായി ‘റെഹാബ്’ എന്ന തലക്കെട്ടിൽ അത്തരം പദ്ധതികൾക്ക് തുടക്കം കുറിക്കുകയും അതിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടി പാർട്ടിക്കകത്തും പുറത്തും നിരന്തരം പോരാടുകയും ചെയ്ത അസാധാരണ മനുഷ്യസ്നേഹിയുമായിരുന്നു. ഒരിക്കൽ മാത്രം പരിചയപ്പെട്ടവർക്ക് പോലും മറക്കാനാവാത്ത വിധം ആളുകളുടെ മനസ്സിനെ സ്പർശിക്കാൻ കഴിവുള്ള അനന്യ സാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു പിഎം നജീബ്. കോൺഗ്രസ് പ്രസ്ഥാനത്തെയും സംസ്കാരത്തെയും നെഞ്ചോട് ചേർത്തുവെച്ച പച്ചയായ ഒരു മനുഷ്യസ്നേഹിയായിരുന്നുവെന്നും മൻസൂർ പള്ളൂർ കൂട്ടിച്ചേർത്തു.
അവിസ്വസനീയം ഈ വിയോഗം: മാത്യു കുഴൽനാടൻ
പിഎം നജീബിന്റെ മരണം സൃഷ്ട്ടിച്ച ഞെട്ടലിൽ നിന്ന് താനിപ്പോഴും മുക്തമായിട്ടില്ലെന്നും വളരെ കുറച്ചുകാലം മാത്രം പരിചയിച്ച തന്നെപ്പോലും ഇത്രമാത്രം പിടിച്ചുലച്ച ആ മഹാന്റെ ദേഹവിയോഗം വര്ഷങ്ങളായി അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകർക്ക് ഉണ്ടാക്കുന്ന വേദന എത്രമാത്രം കഠിനമായിരിക്കുമെന്നു തനിക്ക് ഊഹിക്കാൻ കഴിയുമെന്നും കുഴൽനാടൻ അഭിപ്രായപ്പെട്ടു. കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് ആരും സുരക്ഷിതരല്ലെന്ന് കൂടി ഈ മരണം നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്നും നജീന്റെ വിയോഗം അതീവദുഃഖകരമാണ് എന്ന് മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
നിരുപാധികമായി സംഘടനയെ സ്നേഹിച്ച സൗമ്യവ്യക്തിത്വം: അഡ്വ: കെവൈ സുധീന്ദ്രൻ
ഒരു ദശകം മാത്രം നീണ്ടു നിന്ന തന്റെ പ്രവാസജീവിതത്തിൽ കണ്ടുമുട്ടിയ എപ്പോഴും നിറപുഞ്ചിരിയോടെ മാത്രം അന്യനെ സമീപിക്കാൻ കഴിയുമായിരുന്ന അത്ഭുത പ്രതിഭയായിരുന്നു പിഎം നജീബ്. സഊദിയിലെ മുഴുവൻ പ്രവിശ്യകളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഖമായിരുന്നഅദ്ദേഹം. മലയാളികൾക്ക് മാത്രമല്ല പ്രവാസലോകത്തെ മുഴുവൻ ഇന്ത്യൻ സമൂഹത്തിനും സുപരിചിതനായിരുന്നു. മരണക്കിടക്കയിൽ വെച്ച് അദ്ദേഹം പങ്കു വെച്ച ആ ഒരൊറ്റ ഫേസ്ബുക് പോസ്റ്റ് മതി നജീബ് എന്ന അതുല്യ വ്യക്തിയെ കുറിച്ച് മനസ്സിലാക്കാൻ. തത്വചിന്തകൾക്കും നിലപാടുകൾക്കും വിശ്വാസത്തിനും അപ്പുറത്തേക്ക് നിരുപാധികമായി മാത്രം സംഘടനെയെയും സഹജീവികളെയും സ്നേഹിക്കാൻ നജീബിന് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണം സൃഷ്ടിക്കുന്ന ശൂന്യത വളരെ വലിയതാണെന്നും മുൻ ഒഐസിസി ജനറൽ സെക്രട്ടറിയും നിലവിൽ ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ: സുധീന്ദ്രൻ അഭിപ്രായപ്പെട്ടു.
പി എം നജീബുമായി തങ്ങളുടെ നീണ്ടകാലത്തെ പ്രവർത്തനാനുഭവങ്ങൾ വിതുമ്പലോടെയാണ് പല നേതാക്കളും പ്രവർത്തകരും പങ്കുവെച്ചത്. ഇനിയും ഉൾകൊള്ളാൻ കഴിയാത്ത ആ വിയോഗം ഓരോരുത്തരുടെയും വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു. അനുസ്മരണ യോഗത്തിൽ ഒഐസിസി നേതാക്കളായ മജീദ് ചിങ്ങോലി, ഷാജി സോനാ, ഇസ്മായിൽ എരുമേലി, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, അഷ്‌റഫ് മൂവാറ്റുപുഴ, ബഷീർ അംബലായി, ജെസി മേനോൻ, ജയരാജൻ തെക്കെപുറത്ത്, ഫൈസൽ ഷെറീഫ് തുടങ്ങിയവരും മറ്റു റീജിയണൽ ജില്ലാ ഭാരവാഹികളും ടികെ അഷ്‌റഫ് പൊന്നാനി, മിർസ സാഹിർ ബൈഗ്, അഷ്‌റഫ് ജലീൽ, എംവി രാമചന്ദ്രൻ, ആലിക്കുട്ടി ഒളവട്ടൂർ, ഇബ്രാഹിം സുബ്ഹാൻ ,കെഎം ബഷീർ, ഷിബു കുമാർ, നാസർ പി കാവിൽ,ബൈജു കുട്ടനാട്, മഞ്ജു മണിക്കുട്ടൻ, എബ്രഹാം ജോൺ, പോൾ പൊറ്റക്കൽ, ഇഎം കബീർ തുടങ്ങി പ്രവാസലോകത്തെ നിരവധി സംഘടനകളെ പ്രധിനിധീകരിക്കുന്ന കോൺഗ്രസ് പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു .
ഒഐസിസി സഊദി നാഷണൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് വടക്കേവിള അധ്യക്ഷനായ ഓൺലൈൻ മീറ്റിങ്ങിൽ മാത്യു ജോസഫ് സ്വാഗതവും സിദ്ധിഖ് കല്ലുപറമ്പ് നന്ദിയും പറഞ്ഞു