റിയാദ്: മെയ് പതിനേഴിന് സഊദി അന്തരാഷ്ട്ര വിമാന സർവ്വീസുകൾ ആരംഭിക്കുമ്പോൾ യാത്ര അനുവദിക്കപ്പെടുന്ന രാജ്യങ്ങൾ പ്രത്യേക കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷം പ്രഖ്യാപിക്കുമെന്ന് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി. അൽ ഇഖ്‌ബാരിയ ചാനലിലെ 120 പ്രോഗ്രാമിൽ പങ്കെടുക്കവെ സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് ഇബ്‌റാഹീം അൽ റുഉസയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ രാജ്യങ്ങളിലെ നിലവിലെ സാഹചര്യങ്ങളും യാത്രാ ലക്ഷ്യസ്ഥാനങ്ങളും പ്രത്യേക കമ്മിറ്റി വിലയിരുത്തിയായിരിക്കും പ്രഖ്യാപിക്കുക.
ഏതൊക്കെ രാജ്യങ്ങളിലാണ് ടൂറിസ്റ്റ് വിലക്കുള്ള എന്നുള്ള കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമായിരിക്കും സമിതി ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക. ഓരോ യാത്രക്കാരനും തങ്ങളുട യാത്രാ കേന്ദ്രങ്ങളിലെ അവസ്ഥകൾ മനസ്സിലാക്കണമെന്നും ആ രാജ്യത്തിന്റെ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും അദ്ദേഹം ഉണർത്തി.
മെയ് പതിനേഴിന് സഊദിയിലെ കര, ജല, വ്യോമ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നും സ്വദേശികൾക്ക് വിദേശ രാജ്യങ്ങളിലേക്ക് മാനദണ്ഡങ്ങൾ പാലിച്ച് യാത്ര ചെയ്യാമെന്നുമാണ് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എന്നാൽ, ഏതെല്ലാം രാജ്യങ്ങളിലേക്കായിരിക്കും അനുമതി നൽകുകയെന്ന കാര്യത്തിൽ ഇത് വരെ വ്യക്തത കൈവന്നിട്ടില്ല. ഇന്ത്യ ഉൾപ്പെടെ ഇരുപത് രാജ്യങ്ങൾ ഇപ്പോഴും സഊദിയുടെ യാത്രാ നിരോധിത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പതിനേഴിന് മുമ്പ് തന്നെ ഈ ലിസ്റ്റ് പുനഃപരിശോധിച്ച് പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്.