മനാമ: സഊദിയിൽ മെയ് 17 ന് അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ എടുത്ത് മാറ്റുന്നതോടെ അയൽ രാജ്യമായ ബഹ്‌റൈനിലെ ടൂറിസം മേഖലയിൽ ഉണർവ്വ് ഉണ്ടാകുമെന്ന് പ്രതീക്ഷ. സഊദിയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം കൊവിഡ് പ്രതിസന്ധിക്ക് മുൻപുള്ള അവസ്ഥയിലേക്ക് മാറുമെന്ന പ്രതീക്ഷയിലാണ് ബഹ്‌റൈനിലെ ടൂറിസം മേഖല. ഇതോടൊപ്പം, ആവശ്യമായ സാമ്പത്തിക ഉത്തേജനം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
ബഹ്‌റൈൻ ടൂറിസം ആന്റ് എക്‌സിബിഷൻ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 2020 ന്റെ ആദ്യ പാദത്തിൽ സന്ദർശകരുടെ എണ്ണം മുൻവർഷത്തേക്കാൾ പകുതിയായിരുന്നു. രണ്ട് ദശലക്ഷം ടൂറിസ്റ്റ് രാത്രികൾ രേഖപ്പെടുത്തിയപ്പോൾ 2019 ലെ അതേ മൂന്ന് മാസ കാലയളവിൽ ഇത് 4.1 ദശലക്ഷമായിരുന്നു. സഊദിയിൽ നിന്ന് സന്ദർശകർക്ക് എളുപ്പത്തിൽ നിന്ന് കിംഗ് ഫഹദ് കോസ് വേ വഴി ബഹ്‌റൈനിലേക്ക് പോകാമെന്നതാണ് ബഹ്‌റൈൻ ടൂറിസം മേഖലക്ക് ഉത്തേജകം പകരുന്ന കാര്യം. എന്നാൽ, കൊവിഡ് -19 കാരണം 2020 മാർച്ച് 8 കോസ്‌വേ അടച്ചതോടെ ബഹ്‌റൈൻ ടൂറിസം മേഖല പാടെ തകരുകയായിരുന്നു. 2020 മാർച്ചിൽ ബഹ്‌റൈനിലേക്കുള്ള സന്ദർശകരുടെ എണ്ണം 92 ശതമാനം കുറഞ്ഞ് 1,154,318 ൽ നിന്ന് 92,046 ആയി.
വിനോദസഞ്ചാരികൾ ദ്വീപ് രാജ്യത്തേക്ക് മടങ്ങാൻ തുടങ്ങുമ്പോൾ ബഹ്‌റൈൻ സമ്പദ്‌വ്യവസ്ഥയ്ക്ക് 2.9 ബില്യൺ ഡോളർ വർധനവുണ്ടാകുമെന്ന് അധികൃതർ കരുതുന്നു.
സഊദി-ബഹ്‌റൈൻ അതിർത്തി വീണ്ടും തുറക്കുന്നത് ബഹ്‌റൈനിലുടനീളമുള്ള എല്ലാ മേഖലയിലുമുള്ള ബിസിനസുകൾക്ക് വളരെ സ്വാഗതാർഹമാണെന്നും സഊദി അറേബ്യയുമായുള്ള ഞങ്ങളുടെ ബന്ധം വളർച്ചയുടെ തന്ത്രപരമായ ധമനിയായി കരുതുന്നുവെന്നും ബഹ്‌റൈൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ബിസിസിഐ) ചെയർമാൻ സമീർ നാസ് പറഞ്ഞു. ദീർഘകാല വ്യാപാര, ടൂറിസം ബന്ധം 2021 ൽ വീണ്ടും അഭിവൃദ്ധി പ്രാപിക്കും. അയൽക്കാരെ രാജ്യത്തേക്ക് തിരികെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം പതിനേഴ് മുതലാണ് സഊദി അറേബ്യ തങ്ങളുടെ പൗരന്മാർക്ക് കര, വ്യോമ, കടൽ മാർഗ്ഗങ്ങൾ വഴി പുറത്തേക്ക് പോകാൻ അനുവാദം നൽകുന്നത്. കൊവിഡ് വാക്‌സിൻ രണ്ട് ഡോസുകളും ലഭിച്ചർക്കും ഒരു ഡോസ് സ്വീകരിച്ച് പതിനാല് ദിവസം പിന്നിട്ടവർക്കും ആറു മാസത്തിനുള്ളിൽ കൊവിഡ് -19 ൽ മുക്തി നേടിയവർക്കും 18 വയസ്സിന് താഴെയുള്ളവർക്കുമാണ് പുറത്തേക്ക് പോകാനുള്ള അനുമതി നൽകുക. അതിർത്തികൾ വീണ്ടും തുറക്കുമ്പോൾ 38 രാജ്യങ്ങൾക്കായി സഊദി എയർലൈൻസ് പുറത്തിറക്കിയ മാർഗ്ഗ നിർദേശങ്ങൾ പാലിക്കേണ്ട പട്ടികയിൽ മറ്റു ഗൾഫ് രാജ്യങ്ങളെ പോലെ ബഹ്‌റൈനും ഉൾപ്പെട്ടിട്ടുണ്ട്.