ദമാം: ജുബൈലിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ജുബൈൽ സമസ്ത ഇസ്‌ലാമിക് സെന്റർ, കെ.എം.സി.സി സ്ഥാപക നേതാവുമായിരുന്ന കോഴിക്കോട് ഫറോക്ക് പാണക്കാട്ട് പറമ്പ് ചന്തക്കടവ് കെ.പി ആലിക്കോയ (58) നാട്ടിൽ നിര്യാതനായി. കൊവിഡ് ബാധയെ തുടർന്ന് കോഴിക്കോട് ചെസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂർച്ഛിക്കുകയും പുലർച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.
മകളുടെ പുതിയ വീട് കൂടലുമായി ബന്ധപ്പെട്ട് രണ്ടുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്. ജുബൈലിൽ കെ.എം.സി.സി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ച ആലിക്കോയ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നേരത്തെ മുസ്ലിംലീഗ് സംസ്ഥാന നേതാക്കൾക്ക് കെ.എം.സി.സി ജുബൈൽ കമ്മിറ്റി ഒരുക്കിയ സ്വീകരണപരിപാടിക്ക് നേതൃപരമായ പങ്കുവഹിച്ചിരുന്നു.
ഫറോക്ക് മഹല്ല് ഐ.ആർ.സി സൗദി കമ്മറ്റി പ്രസിഡന്റ്, സി.പി.സി.കെ ഗ്ലോബൽ കമ്മറ്റി ചെയർമാൻ, ഫറോക്ക് മുൻസിപ്പൽ ഡിവിഷൻ ആറ് മുസ്ലിംലീഗ് കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. വ്യാപാര മേഖലയിലും ശ്രദ്ധേയനായിരുന്നു. ജുബൈലിലെ ജിദ്ദ ബ്രോസ്റ്റഡ്, കീ ബ്രോസ്റ്റഡ് സ്ഥാപന ഉടമയുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഷഹദ്, മിഷാൽ, മരുമകൻ:റാജിഫ് പുളിക്കൽ.
ജുബൈൽ എസ്‌ഐസി, കെഎംസിസി സ്ഥാപക നേതാവ് കെ പി ആലിക്കോയ നാട്ടിൽ നിര്യാതനായി
414