Sunday, 6 October - 2024

പാസ്പോർട്ട് വിമാനത്തിൽ വെച്ച് നഷ്‌ടമായി; ജിദ്ദയിലെത്തിയ മലയാളി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു

ജിദ്ദ: നാട്ടിൽ നിന്നും ബഹ്‌റൈൻ വഴി ജിദ്ദയിലെത്തിയ മലയാളി വിമാനത്താവളത്തിൽ കുടുങ്ങി. പാസ്പോർട്ട് ഉൾപ്പെട്ട ബാഗ് വിമാനത്തിൽ വെച്ച് നഷ്ടമായതിനെ തുടർന്ന് ജിദ്ദ ഹൈപ്പർ പാണ്ടയിൽ മാനേജരായി ജോലി ചെയ്‌തു വരുന്ന കണ്ണൂർ സ്വദേശിയായ ഹമീദ് ഉദിനൂർ അബ്ദുല്ലയാണ് വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ ഇപ്പോൾ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. പാസ്പോർട്ട് നഷ്ടപ്പെട്ട സ്ഥിതിയിൽ 24 മണിക്കൂറിനുള്ളിൽ എംബസി ഇടപെട്ട് അടിയന്തിര പാസ്പോർട്ട് നൽകിയില്ലെങ്കിൽ ബഹ്റൈനിലേക്ക് തന്നെ തിരിച്ചു കയറ്റി വിടുമെന്നാണ് വിമാനത്താവള ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.

ബുധനാഴ്ച്ച രാത്രിയാണ് ഇദ്ദേഹം ബഹ്‌റൈനിൽ നിന്നും ഗൾഫ് എയറിൽ ജിദ്ദ വിമാനത്താവളത്തിലിറങ്ങിയത്. ബഹ്‌റൈനിൽ 16 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം ജിദ്ദയിൽ ഇറങ്ങിയപ്പോഴാണ് സംഭവം. വിമാനത്തിലെ റാക്കിൽ വെച്ചിരുന്ന ഹാൻഡ്ബാഗിൽ നിന്നും നോമ്പ് തുറ സമയത്ത് ഭക്ഷണങ്ങൾ എടുത്ത ശേഷം പാസ്പോർട്ട് അതിൽ വെച്ചതായിരുന്നു. പിന്നീട് ഇറങ്ങാൻ നേരം നോക്കുമ്പോൾ ബാഗ് കാണാൻ സാധിച്ചില്ല. ഉടൻ തന്നെ വിമാനത്തിലെ ഉദ്യോഗസ്ഥരോട് അറിയിച്ചെങ്കിലും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. നഷ്ടപ്പെട്ട സാധനം തിരിച്ചെത്തുമെന്നും ഇത്തരത്തിൽ ചിലപ്പോൾ സംഭവിക്കാറുണ്ടെന്നും ആരെങ്കിലും മാറി എടുത്തതായിരിക്കുമെന്നായിരുന്നു പിന്നീട് മറുപടി. എന്നാൽ, പിന്നീട് ഇതേ കുറിച്ച് ഒരു വിവരവും ലഭ്യമായില്ല. ആരെങ്കിലും മനപ്പൂർവ്വം ബാഗ് കൈക്കലാക്കിയാതാണോ മറന്നെടുത്തതാണോയെന്ന് വ്യക്തമല്ല. ലാപ്ടോപ് ഉൾപ്പെടെ വിലപ്പെട്ട സാധനങ്ങളാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് ഹമീദ് പറഞ്ഞു.

എന്നാൽ, പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ എയർപോർട്ടിൽ തടഞ്ഞു വെച്ചിരിക്കുകയാണ്. എംബസിയുമായി ബന്ധപ്പെട്ട് അടിയന്തിരമായി പാസ്പോർട്ട് സംഘടിപ്പിക്കണമെന്നും അല്ലെങ്കിൽ 24 മണിക്കൂറിനു ശേഷം ബഹ്റൈനിലേക്ക് തന്നെ തിരിച്ചു കയറ്റി വിടുമെന്നുമാണ് എയർപോർട്ട് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ, പാസ്പോർട്ട് ഇല്ലാത്ത അവസ്ഥയിൽ ബഹ്‌റൈനിൽ എങ്ങനെ ഇറങ്ങാനാകുമെന്ന അങ്കലാപ്പിലാണ് ഇദ്ദേഹം. പലരും മുഖാന്തിരം എംബസിയുമായി ബന്ധപ്പെടാനായുള്ള കഠിന ശ്രമത്തിലാണ് സുഹൃത്തുക്കൾ.

Most Popular

error: