ദുബൈ: ഈ വർഷവും വിദേശ ഹാജിമാരെ അനുവദിക്കില്ലെന്ന് റിപ്പോർട്ട്. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണു ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്. ആഗോളതലത്തിൽ കൊവിഡ് പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നുവരുന്നതിനെ തുടർന്നാണ് തുടർച്ചയായി രണ്ടാം വർഷവും വിദേശ ഹാജിമാരെ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനം കൈകൊള്ളുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സഊദിയിലെ രണ്ട് സോഴ്‌സുകളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ, സഊദി അറേബ്യ ഔദ്യോഗികമായി ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
വിദേശത്ത് നിന്നുള്ള തീർഥാടകരെ ആതിഥേയത്വം വഹിക്കാനുള്ള പദ്ധതികൾ അധികൃതർ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും തീർഥാടനത്തിന് ആറുമാസം മുമ്പെങ്കിലും വാക്സിനേഷൻ എടുക്കുകയോ കൊവിഡ് -19 ൽ നിന്ന് സുഖം പ്രാപിക്കുകയോ ചെയ്ത ആഭ്യന്തര തീർഥാടകരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പങ്കെടുക്കുന്നവരുടെ പ്രായത്തിലും നിയന്ത്രണങ്ങൾ ബാധകമാക്കാനും സാധ്യതയുണ്ട്.
തുടക്കത്തിൽ വാക്സിനേഷൻ സ്വീകരിച്ച തീർത്ഥാടകരെ വിദേശത്ത് നിന്ന് അനുവദിക്കാനായിരുന്നു പദ്ധതികൾ. എന്നാൽ പലതരം വാക്സിനുകൾ, അവയുടെ ഫലപ്രാപ്തി, പുതിയ വകഭേദങ്ങളുടെ ആവിർഭാവം എന്നിവയെക്കുറിച്ചുള്ള ആശയക്കുഴപ്പം ഉദ്യോഗസ്ഥരെ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിച്ചുവെന്നും സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ വ്യക്തമാക്കി