ജിദ്ദ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അഭിനന്ദിക്കുന്നതോടൊപ്പം സംഘ്പരിവാറിനെ തുരത്തിയ കേരള ജനതയെയും അഭിനന്ദിക്കുന്നുവെന്ന് പ്രവാസി സാംസ്ക്കാരിക വേദി വെസ്റ്റേൺ പ്രോവിൻസ് സെക്രട്ടേറിയേറ്റ് അറിയിച്ചു. തെരഞ്ഞെടുപ്പിനെ സംഘടനാപരമായി നേരിടുന്നതിലും വിമർശനങ്ങളെ മാനേജ് ചെയ്യുന്നതിലും ഇടതുമുന്നണി കാണിച്ച മികവാണ് വിജയം നേടുന്നതിന് അവരെ സഹായിച്ചത്.
ഗ്രൂപ്പുകൾക്കുപരി മുന്നണിയെയും പാർട്ടിയെയും കാണാൻ കഴിയാത്തതും അടിസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് ചർച്ചയിൽ ഉയർത്തി കൊണ്ടു വരുന്നതിലുള്ള പരാജയവും യഥാർഥ രാഷ്ട്രീയ പ്രശ്നങ്ങൾ ഉയർത്തുന്നതിന് പകരം ആചാര വിശ്വാസങ്ങൾ ഉയർത്തി മത ധ്രുവീകരണ വിഷയങ്ങളുടെ പിറകെ പോകുകയാണ് പ്രതിപക്ഷം ചെയ്തത്. ഇത് പരാജയത്തിനു കാരണമാവുകയും ഇടതു വിജയത്തെ എളുപ്പമാക്കുകയും ചെയ്തിട്ടുണ്ടു്. നേമത്തെ കെ.മുരളീധരൻ്റെ സ്ഥാനാർത്ഥിത്വം ബി.ജെ പിക്ക് സംസ്ഥാനത്ത് ഉണ്ടായിരുന്ന ഒരു സീറ്റിൽ കൂടി അവരെ പരാജയപ്പെടുത്താൻ കാരണമായിട്ടുണ്ട്. ബി.ജെ.പിയുടെ പരാജയത്തിലൂടെ കേരളം അതിന്റെ മതേതര പ്രബുദ്ധത കൂടുതൽ ഉറപ്പിച്ചത് ആഹ്ളാദകരമാണ്.
അധികാരത്തിലെത്തുന്ന ഇടതു മുന്നണി സർക്കാർ നിലവിലെ സർക്കാർ സ്വീകരിച്ച തെറ്റായ നിലപാടുകൾ തിരുത്തി ശരിയായ സമീപനം സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു. അതല്ല സംവരണ കീഴാള വിരുദ്ധ നിലപാടുകൾ തുടരുകയാണെങ്കിൽ അടിസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങളുന്നയിച്ച് സാമൂഹിക നീതിക്ക് വേണ്ടിയുള്ള ശക്തമായ പോരാട്ടത്തിലൂടെ കേരളത്തിൻ്റെ ക്രിയാത്മക പ്രതിപക്ഷമായി പാർട്ടി മുന്നിലുണ്ടാവുമെന്നും സംഘടന ഓർമ്മിപ്പിച്ചു.
വെൽഫെയർ പാർട്ടി മത്സരിച്ച മണ്ഡലങ്ങളിൽ പാർട്ടിയുടെ രാഷ്ട്രീയത്തെ പിന്തുണച്ച ജനങ്ങളെ പ്രത്യേകമായി അഭിവാദ്യം ചെയ്യുന്നു. കേരളം കൂടാതെ പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ മതേതര പാർട്ടികളുടെ വിജയം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കൂടുതൽ ശക്തി പകരുന്നതാണ്. അത് മുന്നോട്ടു കൊണ്ടുപോയി ഇന്ത്യയെ ഫാസിസത്തിൽ മോചിപ്പിക്കാൻ കഴിയേണ്ടതുണ്ടെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജനങ്ങൾക്കൊപ്പം വെൽഫെയർ പാർട്ടി തുടർന്നും നിലനിൽക്കുമെന്നും സാംസ്‌കാരിക വേദി പറഞ്ഞു.