അബുദാബി: ഇന്ത്യയില്‍ നിന്നുള്ള വിമാന യാത്ര വിലക്ക് ഏർപ്പെടുത്തിയതോടെ യാത്ര മുടങ്ങിയവർ ആശങ്കപ്പെടേണ്ടതില്ലെന്ന് എമിറേറ്റ്സ് വിമാന കമ്പനി. ബുക്ക് ചെയ്ത ടിക്കറ്റ് മറ്റൊരു യാത്രയ്ക്കായി സൂക്ഷിക്കുകയോ വേറൊരു തീയതിയിലേക്ക് വീണ്ടും ബുക്ക് ചെയ്യുകയോ പണം തിരികെ വാങ്ങുകയോ ചെയ്യാമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ബുക്ക് ചെയ്ത ദിവസം മുതല്‍ 36 മാസത്തേക്കാണ് ടിക്കറ്റിന് കാലാവധി നീട്ടി നൽകുക.
2021 ഡിസംബര്‍ 31 വരെ യാത്ര ചെയ്യുന്നതിനായി 2021 ഏപ്രില്‍ ഒന്നിന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്കാണ് ഈ സൗകര്യം. എന്നാൽ, 2021 ഏപ്രില്‍ ഒന്ന് മുതല്‍ ലഭിച്ച ടിക്കറ്റുകള്‍ക്ക് രണ്ടു വര്‍ഷത്തെ യാത്രാ കാലാവധിയും അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ യാത്രാ തീയതികള്‍ യാത്രക്കാർക്ക് മാറ്റുവാനും റീഫണ്ട് ആവശ്യപ്പെടാനും അടുത്ത വിമാനത്തിന് വീണ്ടും ബുക്ക് ചെയ്യാനും സാധിക്കും. ഇതെല്ലാം സൗചന്യമായിരിക്കും
2020 സെപ്തംബര്‍ 30നോ അതിന് മുമ്പോ ബുക്ക് ചെയ്ത, 2021 ഡിസംബര്‍ 31 വരെയോ അതിന് മുമ്പോ കാലാവധിയുള്ള ടിക്കറ്റുകള്‍ക്കും ബുക്ക് ചെയ്ത ദിവസം മുതല്‍ 36 മാസത്തെ കാലാവധി നീട്ടി നൽകുമെന്നും എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 2021 ഏപ്രിൽ 1-നോ അതിനുശേഷമോ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ, അധിക നിരക്ക് ഈടാക്കാതെ അതേ പ്രദേശത്തെയും അതേ ട്രാവൽ ക്ലാസിലെയും മറ്റൊരു ലക്ഷ്യസ്ഥാനത്തേക്ക് ഇത് സൗജന്യമായി മാറ്റാനുമാകും.
ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് 10 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. നേരത്തെ മെയ് അഞ്ച് വരെയാണ് വിലക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഇപ്പോൾ മെയ് 14 വരെ നീട്ടിയിരിക്കുന്നത്. ഇന്ത്യയിലെ രൂക്ഷമായ കോവിഡ് ആശങ്കയാണ് വിമാന സർവ്വീസ് വിലക്ക് ദീർഘിപ്പിച്ചത്.