മനാമ: ബഹ്‌റൈനിൽ ഇറങ്ങുന്ന യാത്രക്കാർക്ക് കോവിഡ് റിസൾട്ട് ക്യു ആർ കോഡ് സഹിതം വേണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നതിനു ശേഷം നിരവധി പേർ വിമാനത്താവളത്തിൽ കുടുങ്ങി. ക്യു ആർ കോഡ് സ്കാനിങ് നടക്കാത്തതിനെ തുടർന്നാണ് ബഹ്‌റൈനിൽ യാത്രക്കാർ കുടുങ്ങിയത്. ഏറ്റവും ഒടുവിൽ മണിക്കൂറുകൾക്ക് ശേഷമാണ് ഇന്ത്യയിൽ നിന്നെത്തിയ ഏതാനും യാത്രക്കാർക്ക് പുറത്തിറങ്ങാനായത്. എന്നാൽ, ചിലരെ തീരെ പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്നും സൂചനയുണ്ട്.
വ്യാഴാഴ്ച രാത്രി ഡൽഹിയിൽനിന്ന് എത്തിയ ഗൾഫ് എയർ വിമാനത്തിലെ യാത്രക്കാരാണ് ക്യു.ആർ കോഡ് പ്രശ്നം കാരണം കുടുങ്ങിയത്. ഡൽഹി വിമാനത്താവളത്തിൽനിന്ന് ക്യു.ആർ കോഡ് സ്കാൻ ചെയ്താണ് യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ബഹ്റൈൻ എമിഗ്രേഷനിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്തപ്പോൾ നിശ്ചിത രൂപത്തിൽ സർട്ടിഫിക്കറ്റ് കാണാൻ കാണാൻ കഴിഞ്ഞില്ല. ഇതാണ് പ്രശ്നമായത്. ലബോറട്ടറിയിൽനിന്ന് ലഭിക്കുന്ന പ്രിൻറ് ചെയ്ത സർട്ടിഫിക്കറ്റിന്റെ അതേ രൂപത്തിൽതന്നെ ക്യു.ആർ കോഡ് സ്കാൻ ചെയ്യുമ്പോഴും കാണണമെന്നാണ് ആവശ്യം. ഇവർക്ക് രണ്ടിലും ഉണ്ടായ പൊരുത്തക്കേടാണ് വിനയായത്. എന്നാൽ, ചില ഏജൻസികൾ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുണ്ട്. യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.
ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏപ്രിൽ 27 മുതലാണ് ബഹ്‌റൈൻ കൊവിഡ് നെഗറ്റിവ് പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ആറ് വയസ്സിന് മുകളിലുള്ള യാത്രക്കാരെ ഇതില്ലാതെ ഇവിടെ പ്രവേശിപ്പിക്കുകയില്ല.