Saturday, 27 July - 2024

പ്രതിസന്ധികളെ ആത്മ വിശ്വാസത്തോടെ നേരിടണം: റാഷിദ്‌ ഗസാലി

ജിദ്ദ: കൊവിഡ് മഹാമാരി ലോകം ഇന്ന് വരെ അനുഭവിക്കാത്ത പ്രസന്ധിയിയാണെന്നും എന്നാൽ ഈ സാഹചര്യത്തിൽ പതറാതെ തളരാതെ നിരാശരാവാതെ പിടിച്ചു നിൽക്കണമെന്നും യുവ പണ്ഡിതനും വാഗ്മിയും ട്രെയിനറുമായ റാഷിദ്‌ ഗസാലി പറഞ്ഞു. മുൻ കാലങ്ങളിൽ വലിയ രീതിയിലുള്ള പരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രതിസന്ധികൾ പുതിയ അവസരങ്ങൾ കണ്ടെത്താൻ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. ‘സൈൻ’ ജിദ്ദ സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ റമദാൻ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഓരോരുത്തരും വ്യത്യസ്ത രൂപത്തിൽ കൊവിഡ് മൂലമുള്ള കെടുതികൾ അനുഭവിക്കുന്നുണ്ടെന്നും വിശ്വാസികൾക്ക് മഹാമാരി അവരുടെ വിശ്വാസം വർദ്ധിക്കാൻ കാരണമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. വിശ്വാസത്തിന്റെ മാറ്റ് കാണേണ്ടത് പ്രതിസന്ധി അനുഭവിക്കുമ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് മഹാമാരി പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും നേരിടാൻ നമ്മെ പ്രാപ്തമാക്കുകയാണെന്നും ആയതിനാൽ ആത്മ വിശ്വാസത്തോടെ മുന്നോട്ടു പോവണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ലോകത്ത് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വംശീയതയുടെയും പേരിൽ നിരവധി പേരെ അനാഥകളാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ നടക്കുന്ന കൊലപാതകങ്ങൾ കാരണം നിരവധി പേർ അനാഥകളാവുന്നുണ്ടെന്നും ആയതിനാൽ ഇപ്പോഴത്തെ മഹാമാരിയിൽ കൊലപാതകത്തിനെതിരായ തിരിച്ചറിവ് സമൂഹത്തിന് ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാമാരിയിൽ നിന്നും മോചനം ലഭിക്കാൻ അനാഥകൾക്ക് ആശ്വാസം നൽകുകയും ചോദിച്ചു വരുന്നവരെ ആട്ടിയോടിക്കാതിരിക്കുകയും എല്ലാം നൽകിയ സൃഷ്ടാവിന്റെ അനുഗ്രഹങ്ങൾ ഓർക്കുകയും വേണമെന്ന് വിശുദ്ധ ഖുർആൻ വചനങ്ങൾ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

സൈൻ ചെയർമാൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. റാഷിദ്‌ ഗസാലിയുടെ ഗവേഷണത്മകമായ പ്രഭാഷണം ജനങ്ങൾക്ക് വലിയ ആത്മ വിശ്വാസം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

സൈൻ ജിദ്ദ ചാപ്റ്റർ പ്രസിഡന്റ്‌ ഷാനവാസ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് കോഓർഡിനേറ്റർ സാബിത് സ്വാഗതവും ട്രഷറർ ഇർഷാദ് നന്ദിയും പറഞ്ഞു.

Most Popular

error: