ജിദ്ദ: കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ സാംസ്‌കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ഓർമ്മകളിൽ സുകുമാർ കക്കാട്” അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കെഎംസിസി ഹാളിൽ വെച്ചു നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
മലബാറിന്റെ മഹിതമായ പശ്ചാത്തലത്തിൽ നിന്ന് കൊണ്ട് കഥയും കവിതയും നോവലും രചിച്ച സാഹിത്യകാരനാണ് സുകുമാർ കക്കാട് എന്ന് അദ്ദേഹം അനുസ്മരിച്ചു. സാഹിത്യത്തിലും സിനിമയിലുമെല്ലാം മാപ്പിള കഥാപാത്രങ്ങൾ വികൃതമാക്കപ്പെട്ടിരുന്ന സാഹചര്യത്തിൽ യഥാർത്ഥ മാപ്പിള സംസ്കാരത്തെ തനതായ ശൈലിയിൽ സുകുമാർ കക്കാട് അടയാളപ്പെടുത്തിയതാ യും അരിമ്പ്ര പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാതെ പരസ്പരം അടുപ്പിക്കുന്ന സർഗാത്മക പ്രവർത്തനം നടത്തിയ മനുഷ്യ സ്നേഹിയായ സാഹിത്യകാരനായിരുന്നു സുകുമാർ കക്കാടെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ നസീർ വാവക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. കാലത്തോടും പരിസരത്തോടും അടുത്തു നിന്ന് ജ്ഞാന സംവേദനം നിർവ്വഹിച്ച മഹദ് സാഹിത്യ പ്രവർത്തനം നടത്തിയ മഹാമനീഷിയായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹംസ മദാരി (സമീക്ഷ), ഷാജു അത്താണിക്കൽ ( ഗ്രന്ഥപ്പുര), യൂനുസ് അഹ്മദ് (ചേതന), അരുവി മോങ്ങം, ഇസ്ഹാഖ് പൂണ്ടോളി, മജീദ് പുകയൂർ, റഊഫ് തിരൂരങ്ങാടി, വേങ്ങര നാസർ തുടങ്ങിയവർ കക്കാടിനെ അനുസമരിച്ചു സംസാരിച്ചു.
ഹുസൈൻ കരിങ്കത്തറയിൽ, മുഹമ്മദ് കുട്ടി പാണ്ടിക്കാടു്, ഹംസക്കുട്ടി ഇരുമ്പുഴി, മാനു പട്ടിക്കാട്ട് എന്നിവർ നേതൃത്വം നൽകി.
സമീർ മലപ്പുറം സ്വാഗതവും മുഹമ്മദലി പുലാമന്തോൾ നന്ദിയും പറഞ്ഞു.