ജിദ്ദ: ഒരു വ്യാഴ വട്ടക്കാലം ജിദ്ദയിലെ പ്രവാസി സമൂഹത്തിന് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു നൽകിയ മുസ്തഫ ഹുദവി കൊടക്കാടിന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി. സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന പരിപാടിയിൽ കെഎംസിസി നേതാക്കളും നിരവധി പ്രവർത്തകരും ‘പാഠശാല’ യിലെ ശിഷ്യന്മാരും പങ്കെടുത്തു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയർമാൻ സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രവാസ ലോകത്ത് മത – രാഷ്ട്രീയ രംഗത്ത് പണ്ഡിതന്മാരുടെ ദൗത്യം നല്ല നിലയിൽ നിർവഹിച്ച യുവ പണ്ഡിതനാണ് മുസ്തഫ ഹുദവി എന്ന് അദ്ദേഹം പറഞ്ഞു. മുസ്തഫ ഹുദവിയുടെ ക്ലാസുകളിലൂടെ ആദർശാധിഷ്ഠിത പ്രവർത്തകരെയും ധിഷണപരമായ യുവ നേതൃത്വത്തെയും കെഎംസിസിക്ക് ലഭിച്ചതായും തങ്ങൾ പറഞ്ഞു. പ്രവാസ ലോകത്ത് ജോലിക്കൊപ്പം പഠനവും അധ്യാപനവും തുടർന്ന മുസ്തഫ ഹുദവി എല്ലാവർക്കും മാതൃകയാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി. കെ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
റിയാദ് കെഎംസിസി ഭാരവാഹിയായ അലവിക്കുട്ടി ഒളവട്ടൂർ അതിഥിയായിരുന്നു.
ദാറുൽ ഹുദ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ‘ഹാദിയ’ യുടെ ദേശീയ മദ്രസ പദ്ധതിയിലേക്കുള്ള കെഎംസിസി സെൻട്രൽ കമ്മിറ്റി വക സംഭാവന ഹാദിയ ജിദ്ദ സെക്രട്ടറി നജ്മുദ്ധീൻ ഹുദവിക്ക് ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ചടങ്ങിൽ വെച്ച് കൈമാറി.
സെൻട്രൽ കമ്മിറ്റി ചെയർമാൻ നിസാം മമ്പാട്, എ. കെ ബാവ , ശിഹാബ് താമരക്കുളം, നൗഫൽ ഉള്ളാടൻ, മജീദ് കള്ളിയിൽ, ജലാൽ തേഞ്ഞിപ്പലം, ഹുസൈൻ കരിങ്ക, ഷബീറലി കോഴിക്കോട്, മജീദ് പുകയൂർ തുടങ്ങിയവർ ആശംസ നേർന്ന് സംസാരിച്ചു.
കെഎംസിസി സെൻട്രൽ കമ്മിറ്റി വക മെമെന്റോ റസാഖ് മാസ്റ്ററും ഉപഹാരം അബൂബക്കർ അരിമ്പ്രയും മുസ്തഫ ഹുദവിക്ക് നൽകി.
മുസ്തഫ ഹുദവി മറുപടി പ്രസംഗം നടത്തി. ജിദ്ദയിലെ ജീവിതത്തിനിടയിൽ സ്വദേശികളും വിദേശികളുമായ ഒരുപാട് നല്ല മനുഷ്യരെ കണ്ടു മുട്ടാൻ സാധിച്ചു എന്നത് പ്രവാസ ജീവിതത്തിൽ ലഭിച്ച വലിയ സൗഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കെഎംസിസി നേതാക്കളുടെയും പ്രവർത്തകരുടെയും സ്നേഹവായ്‌പിന് നന്ദി പറയാൻ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു.
മാതൃ രാജ്യത്തോട് പൂർണ്ണമായും കൂറ് പുലർത്തുന്നതോടൊപ്പം ജോലി ചെയ്യുന്ന രാജ്യത്തിന്റെ പുരോഗതിയിൽ മഹത്തായ സംഭാവന നൽകി മാതൃക പ്രവാസികളാവണമെന്ന് അദ്ദേഹംകെഎംസിസി പ്രവർത്തകരെ ഓർമ്മിപ്പിച്ചു.
കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.