Thursday, 12 September - 2024

ഉറുമാൻ പഴത്തിനുള്ളിൽ വൻ രഹസ്യ മയക്കുമരുന്ന് കടത്ത് പിടികൂടി; ലബനോനിൽ നിന്നുള്ള പഴം പച്ചക്കറി ചരക്കുകൾക്ക് സഊദി അറേബ്യ വിലക്കേർപ്പെടുത്തി

റിയാദ്: ലെബനോനിൽ നിന്ന് ഉറുമാൻ ലോഡിനകത്ത് ഒളിപ്പിച്ച് കടത്തിയ 24,66,563 ലഹരി ഗുളികകൾ ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്തു വെച്ച് കസ്റ്റംസുമായി സഹകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ പിടികൂടി. ഉറുമാൻ പഴത്തിന്റെ കാമ്പുള്ള ഉൾഭാഗം നീക്കം ചെയ്ത് പ്ലാസ്റ്റിക് കീസുകളിലാക്കിയ മയക്കുമരുന്ന് ശേഖരം അടക്കം ചെയ്ത് പുറം ഭാഗം വിദഗ്ധമായി ഒട്ടിച്ച് യഥാർഥ ഉറുമാൻ പഴവും മയക്കുമരുന്ന് സൂക്ഷിച്ചവയും കൂട്ടിക്കലർത്തി കാർട്ടണുകളിലാക്കിയാണ് സംഘം ദമാം തുറമുഖം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ നാലു സഊദി പൗരന്മാരും ഒരു കുടിയേറ്റ ഗോത്രക്കാരനെയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഇവർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ക്യാപ്റ്റൻ മുഹമ്മദ് അൽനജീദി അറിയിച്ചു.

അതേസമയം, ലെബനോനില്‍നിന്ന് സഊദിയിലേക്ക് പച്ചക്കറികളും പഴവര്‍ഗങ്ങളും ഇറക്കുമതി ചെയ്യുന്നതും ലെബനോനില്‍നിന്നുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും സൗദിയിലൂടെ മറ്റു രാജ്യങ്ങളിലേക്ക് ട്രാന്‍സിറ്റ് ആയി കൊണ്ടുപോകുന്നതും വിലക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച്ച രാവിലെ ഒമ്പതു മുതല്‍ വിലക്ക് നിലവില്‍വരും. മയക്കുമരുന്ന് കടത്തിന് ഏറ്റവുമധികം ഉപയോഗിക്കുന്നത് പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ്. ലെബനോനിലെ ബന്ധപ്പെട്ട വകുപ്പുകളെ പലതവണ ഉണര്‍ത്തിയിട്ടും സഊദി അറേബ്യക്കെതിരായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് ലെബനോനില്‍ നിന്നുള്ള ഇറക്കുമതി വിലക്കുന്നത്. സമാനമായ വിലക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമുണ്ടോയെന്ന കാര്യം പരിശോധിക്കുന്നതിന് ലെബനോനില്‍ നിന്നുള്ള മറ്റു ചരക്ക് ലോഡുകളും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നിരീക്ഷിക്കുന്നത് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഏറ്റവും ഒടുവില്‍ ലെബനോനില്‍ നിന്നുള്ള ഉറുമാന്‍ ലോഡിനകത്ത് ഒളിപ്പിച്ച് കടത്തിയ 25 ലക്ഷത്തോളം ലഹരി ഗുളികകള്‍ ദമാം തുറമുഖത്തു വെച്ച് സുരക്ഷാ വകുപ്പുകള്‍ പിടികൂടുകയും മയക്കുമരുന്ന് കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ചു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ലെബനോനില്‍ നിന്നുള്ള പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും ഇറക്കുമതി വിലക്കാനുള്ള പുതിയ തീരുമാനം സഊദി അറേബ്യ കൈകൊണ്ടത്.

Most Popular

error: