Thursday, 10 October - 2024

ഇന്ത്യയിലെ കൊവിഡ് കണക്കുകളിൽ ആശങ്ക പങ്കു വെച്ച് അറബ് മാധ്യമങ്ങളും

റിയാദ്: ഇന്ത്യയിലെ ഉയർന്ന കൊവിഡ് വൈറസ് ബാധയിൽ ആശങ്ക പങ്കു വെച്ച് വളരെ പ്രാധാന്യത്തോടെ അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആശങ്കാജനകമായ സ്ഥിതി വിശേഷമാണ് ഇന്ത്യ നേരിടുന്നതെന്ന സൂചനയോടെയാണ് പല മാധ്യമങ്ങളും റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നത്. ഇതിനകം തന്നെ പല മാധ്യമങ്ങളുടെയും ഒന്നാം പേജിൽ ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധി വിളിച്ചോതുന്ന തരത്തിലുള്ള ലോക്‌ഡൗൺ ചിത്രങ്ങൾ സഹിതമുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചപ്പോൾ ഓൺലൈൻ മാധ്യമങ്ങൾ ദിനംപ്രതിയുള്ള കണക്കുകൾ അതീവ പ്രാധാന്യത്തോടെ പുറത്ത് വിടുന്നുണ്ട്.

അൽ അറബിയ, സബ്ഖ്, സ്കൈന്യൂസ്, ബിബിസി അറബിക്, അൽ ജസീറ തുടങ്ങിയ അറബ് മാധ്യമങ്ങളും അറബ് രാഷ്ട്രങ്ങളിലെ ഇംഗ്ളീഷ് മാധ്യമങ്ങളും വളരെ ഗൗരവത്തോടെയാണ് ഇന്ത്യയിലെ അവസ്ഥ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. 24 മണിക്കൂറിനുള്ളിൽ 3,00,000 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യ കൊവിഡ് മരണങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്ത രാജ്യം കൂടിയാണ് എന്ന ശീർഷകത്തിലാണ് സഊദിയിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ സബ്ഖ് ഇന്ത്യയിലെ സ്ഥിതി വിവരക്കണക്കുകൾ വിവരിച്ചത്. കൊവിഡ് രണ്ടാം തരംഗം ഉണ്ടാക്കിയ പ്രതിസന്ധി മെഡിക്കൽ രംഗത്തെ സൗകര്യങ്ങളുടെ അപര്യാപ്തതക്ക് ഹേതുവായെന്നും മരണസംഖ്യ കൂടാൻ അത് വഴിവെച്ചതായും വിലയിരുത്തുന്നു.

അറബ് രാജ്യങ്ങളടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റിഅയക്കുന്ന ഇന്ത്യയിലെ സ്ഥിഗതികൾ രൂക്ഷമായാൽ വാക്സിൻ കയറ്റുമതിയെയും ബാധിക്കുമെന്നും ആശങ്കയുണ്ട്. ലോകമെമ്പാടുമുള്ള 90ലധികം വികസ്വര രാജ്യങ്ങൾക്ക് കൊവിഡ് വാക്സിനുകൾ നൽകുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഇന്ത്യയിലെ നിലവിലെ സാഹചര്യം വാക്സിൻ ഉൽപാദനത്തെ പോലും പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും അറബ് പത്രം പങ്കുവെച്ചു.

ഇന്ത്യയിൽ നിന്നുള്ളവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നിലവിലെ നിയന്ത്രണങ്ങൾ കടുപ്പിക്കാനും നീട്ടാനും ഇത് കാരണമായേക്കുമെന്നും വിലയിരുത്തുന്നുണ്ട്.

Most Popular

error: