റിയാദ്: രാജ്യത്തെ വിമാനത്താവളങ്ങളിൽ കൊവിഡ് സുരക്ഷ ശക്തമാക്കി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് സുരക്ഷാ ഏജൻസികളുടെ സഹകരണത്തോടെ ആരോഗ്യ സുരക്ഷക്ക് പ്രാമുഖ്യം നൽകി പ്രതിരോധ നടപടികൾ ശക്തമാക്കിയത്.
വിമാനത്താവളങ്ങൾ, അതോറിറ്റി കെട്ടിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടൊപ്പം സന്ദർശകരെ അനുവദിക്കുകയുമില്ല.
എയര്‍പോര്‍ട്ടുകളിൽ ഒരു പ്രോട്ടോക്കോള്‍ ഓഫീസറേയും മുന്‍കരുതല്‍ നടപടികള്‍ പൂര്‍ണതോതില്‍ പിന്തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ 250ലേറെ നിരീക്ഷകരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തവക്കല്‍ന ആപ്പിലൂടെ ആരോഗ്യ സ്ഥിതി നോക്കുന്നതിനു പുറമെ, ശരിരോഷ്മാവ് പരിശോധിക്കുന്നതിനും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.എ.സി.എ) സ്‌ക്രീനിംഗ് പോയിന്റുകള്‍ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവബോധ സന്ദേശങ്ങൾ വർദ്ധിപ്പിക്കുകയും ആരോഗ്യ മുൻകരുതലുകൾ പാലിക്കാൻ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന ബിസിനസ്സുകളോടും മറ്റ് ഓർഗനൈസേഷനുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
തവക്കൽന ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികൾക്ക് മാത്രമേ അതോറിറ്റി കെട്ടിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കൂവെന്നും കൊറോണ വൈറസിനെ നേരിടുന്നതിനായി ശുപാർശ ചെയ്യപ്പെട്ട ആരോഗ്യ നടപടികൾ പാലിക്കണമെന്നും ജിഎസിഎ പ്രസിഡണ്ട് അബ്ദല്‍ അസീസ് അല്‍ ദുഐജ് പറഞ്ഞു.