റിയാദ്: സഊദിയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി കവറിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറൻ നഗരിയായ തബൂക്കിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. തബൂക്കിലെ അൽ മുറൂജ് പ്രദേശത്ത് നടന്ന കൊലപാതകത്തിന് ഇരയായത് ഇരുപത് വയസ്സ് പ്രായമുള്ള സ്വദേശിയാണ്.
യുവാവിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പ്രതി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ അൽപ ദിവസത്തിന് ശേഷം ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ഇത് ഇവിടെ നിന്നും മാറ്റാൻ നടത്തിയ നീക്കമാണ് സംഭവം പുറത്തറിയാൻ ഇടയാക്കിയത്. ദുർഗന്ധം വമിക്കുന്ന മൃതദേഹം നീക്കാനായി പ്രതി തന്റെ കീഴിലെ തൊഴിലാളിയെ കൂടെ കൂട്ടിയിരുന്നു. പ്ലാസ്റ്റിക് കവർ നീക്കുന്നതിനിടെ ഉള്ളിലുള്ളത് മനുഷ്യ ശരീരമാണെന്നു തിരിച്ചറിഞ്ഞ തൊഴിലാളി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി പ്രതിയെ ഉടൻ തന്നെ പിടികൂടി. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ക്രൂരമായ കൊലപാതകം നടന്നതെന്നും എന്നാൽ വ്യാഴാഴ്ചയാണ് ഇത് പുറം ലോകമറിഞ്ഞതെന്നും അധികൃതർ വ്യക്തമാക്കി.