ജിദ്ദ: സൗദി അറേബ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ ഇന്ത്യക്കാരായ വനിതകളുടെ ക്ഷേമ – സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രത്യേക സേവന സംരംഭം പ്രഖ്യാപിച്ചു. ‘പ്രവാസി മഹിള കല്യാൺ’ എന്ന പേരിലുള്ള സവിശേഷ സംരംഭം വഴി കുടുംബ പരമായോ വൈവാഹിക രംഗത്തോ വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് എന്തെങ്കിലും സഹായമോ കൗൺസിലിംഗോ ആവശ്യമുള്ള ഇന്ത്യൻ സമൂഹത്തിലെ ഏത് വനിതക്കും സേവനം ലഭിക്കും.
ഇതിനായി എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്‌ച ഇന്ത്യൻ വനിതകൾക്കായി കോൺസുലേറ്റ് പ്രത്യേക സെഷൻ സംഘടിപ്പിക്കും. ദുരിതത്തിലായ വനിതകൾക്ക് കൗൺസിലിംഗും സാധ്യമായ മറ്റു സഹായവും നൽകുന്നതിന് കോൺസുലേറ്റിലെ വനിത ഓഫിസർമാർ, മറ്റു കൗൺസിലിംഗ് പ്രൊഫഷണലുകൾ, ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖർ എന്നിവർ അടങ്ങുന്ന കമ്മിറ്റി പ്രവർത്തിക്കും.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ ഈ പുതിയ സംരംഭം പ്രവാസികളായ ഇന്ത്യൻ വനിതകൾക്ക് വലിയ അനുഗ്രഹമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം മുൻകൂട്ടി ആവശ്യപ്പെടുന്ന കാര്യങ്ങൾക്കായിരിക്കും സേവനം ലഭ്യമായിരിക്കുക എന്നും അതിനാൽ സേവനം ആവശ്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും കോൺസുലേറ്റ് അഭ്യർത്ഥിച്ചു.