ജിദ്ദ: കൊവിഡ് 19-മഹാമാരിയുടെ ആഘാതമെന്നോണം മാനസികസംഘര്‍ഷം നേരിടുന്ന വീട്ടമ്മമാര്‍ക്ക് സാന്ത്വനം പകരുന്നതിനും കൗണ്‍സലിംഗ് ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കുന്നതിനും മുന്നിട്ടുപ്രവര്‍ത്തിക്കാന്‍ ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവി (ജി.ജി.ഐ) ന്റെ ലേഡീസ് വിംഗ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഫാമിലി കൗണ്‍സലിംഗ് സെല്‍ രൂപവത്കരിച്ചു. ലേഡീസ് വിംഗിന്റെയും കൗണ്‍സലിംഗ് സെല്ലിന്റെയും ഉദ്ഘാടനം ഇന്ത്യന്‍ കോണ്‍സല്‍ ഹംന മറിയം നിര്‍വഹിച്ചു.
അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെയും ജിദ്ദ നാഷണല്‍ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയായിരിക്കും സെല്‍ പ്രവര്‍ത്തിക്കുകയെന്ന് ലേഡീസ് വിംഗ് കണ്‍വീനര്‍ റഹ്‌മത്ത് ആലുങ്ങല്‍ അറിയിച്ചു. സെല്ലിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അബീര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജംഷിത് അഹമ്മദും ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഷ്‌ക്കാത്ത് മുഹമ്മദലിയും പറഞ്ഞു. കുടുംബിനികള്‍ക്ക് സമാശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ ഡോ. ഇന്ദു ചന്ദ്രശേഖരനും ഡോ. വിനീതാ പിള്ളയും സെല്ലുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി.
ജി.ജി.ഐ ലേഡീസ് വിംഗിന്റെ ജോയന്റ് കണ്‍വീനര്‍മാരായി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികമാരായ റഹ്‌മത്ത് ബീഗം (ഫാമിലി കൗണ്‍സലിംഗ്), ഹബീറ മന്‍സൂര്‍ (സ്ത്രീശാക്തീകരണം) എന്നിവരെയും നാസിറ സുല്‍ഫിക്കര്‍ (എന്റര്‍ടെയിന്‍മെന്റ്), ശബ്‌ന കബീര്‍ (ടീന്‍സ്) എന്നിവരെയും തെരഞ്ഞെടുത്തു.
കൗണ്‍സലിംഗ് സംബന്ധമായ വിശദവിവരങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ള കുടുംബിനികള്‍ക്ക് റഹ്‌മത്ത് ആലുങ്ങല്‍ (053 234 6300), റഹ്‌മത്ത് ബീഗം (055 815 2672) എന്നിവരെ വൈകിട്ട് നാല് മണിക്കും ആറു മണിക്കുമിടയിലായി ബന്ധപ്പെടാവുന്നതാണെന്നും വ്യക്തിവിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കുമെന്നും ലേഡീസ് വിംഗ് ഭാരവാഹികള്‍ അറിയിച്ചു.