റിയാദ്: കൊവിഡ് പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കേണ്ടി വരുന്ന പ്രവാസികളിൽ അനുയോജ്യരായവർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഇന്ത്യൻ കൽച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) സഊദി നാഷണൽ കമ്മിറ്റി അറിയിച്ചു. കൊവിഡ് തുടങ്ങുന്നതിനു മുമ്പും ശേഷവുമായി നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതെ വളരെ പ്രയാസം അനുഭവിക്കുന്ന വലിയ ഒരുവിഭാഗം പ്രവാസികളുടെ ഭാവി ആശങ്കയിലാണെന്നും തുടക്കം മുതൽ ഈ വിഷയത്തിൽ കേരള മുസ്‌ലിം ജമാഅത്തും ഐ സി എഫും സാധ്യമായ എല്ലാഇടപെടലുകളും നടത്തിവരുന്നുണ്ടെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രവാസ ജീവിതത്തിൽ സ്വന്തം ഭാവിയ്ക്കുവേണ്ടി പ്രത്യകിച്ചൊന്നും കരുതിവയ്ക്കാതിരുന്ന വലിയ ഒരു വിഭാഗം പ്രവാസി സഹോദരങ്ങൾ തിരിച്ചുവരാൻ കഴിയാതെ നാട്ടിൽ കുടുങ്ങി നിത്യജീവിതത്തിനു കഷ്ട്ടപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം ഭക്ഷ്യകിറ്റുകൾ ചെറിയ ഒരാശ്വാസമാകുമെന്നു ഐ സി എഫ് കരുതുന്നു .
വിശുദ്ധറമദാൻ മാസത്തിൽ പ്രഖ്യാപിച്ച നിരവധി പ്രധാന വിദ്യാഭ്യാസ ജീവകാരുണ്യ സേവന പദ്ധതികളിൽ ഒന്നാണ് നാട്ടിലുള്ള ആയിരം പ്രവാസി കുടുംബങ്ങൾക്കുള്ള ഭക്ഷ്യക്കിട്ട വിതരണം. സെൻട്രൽ കമ്മിറ്റികൾ പ്രവാസ ലോകത്തും നാട്ടിലുമായി നടത്തുന്ന മദ്രസ അദ്ധ്യാപകർക്കും മറ്റു അർഹതപെട്ടവർക്കുമുള്ള സാമ്പത്തിക സഹായ വിതരണം ഉൾപ്പടെയുള്ള മറ്റു പ്രധാന തനത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പുറമെയാണ് നാഷണൽ കമ്മിറ്റിയുടെ ഈ പദ്ധതിയെന്നും ഭാരവാഹികൾ അറിയിച്ചു. ഐ സി എഫിൻറെ 430 യൂണിറ്റുകൾ വഴി നടത്തിയ സർവേകളുടെ അടിസ്ഥാനത്തിൽ അർഹതപ്പെട്ട 1000 കുടുംബങ്ങൾക്കാണ് കിറ്റ് നൽകുന്നത്. കൊവിഡ് പ്രതിസന്ധിയിൽ നാട്ടിൽ പോകാൻ കഴിയാതെ പ്രയാസത്തിലായ പ്രവാസികൾക്ക് അഭയമായ ഐ സി എഫ് ചാർട്ടർ ഫ്ലൈറ്റ് സംവിധാനത്തിൽ സൗജന്യ ടിക്കറ്റിനു അർഹരായവർ ഉൾപ്പടെയുള്ള സമൂഹത്തിലെ വ്യത്യസ്‌ത വിഭാഗങ്ങളെ കൂടി സൗജന്യ ഭക്ഷ്യകിറ്റ് പദ്ധതിയിൽ ഉൾപ്പെടിത്തിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
കേരളത്തിലെയും നീലഗിരി (തമിഴ്നാട് ) ഉൾപ്പെടെയുള്ള 15 ജില്ലകളിൽ നിന്നായി കണ്ടെത്തിയ ആയിരം ഗുണഭോക്താക്കൾക്കാണ് കിറ്റ് വിതരണം നടത്തിയത്. മുസ്‌ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ’റമളാൻ ആത്മ വിചാരത്തിൻ്റെ കാലം’ എന്ന ശീർഷകത്തിൽ നാട്ടിലും വിദേശത്തും നടന്നു വരുന്ന റമളാൻ കാംപ് ഭാഗമായി നടത്തുന്ന വൈവിധ്യമാർന്ന ക്ഷേമ പ്രവർത്തനങ്ങളോടനുബന്ധിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിച്ചു. നാഷണൽ പ്രസി: സയ്യിദ് ഹബീബ് അൽ ബുഖാരിയുടെ അധ്യക്ഷതയിൽ പി.ടി.എ റഹീം എം എൽ.എ സമർപ്പണ സംഗമം ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്ര.എൻ.അലി അബ്ദുല്ല, ഐ.സി.എഫ് നേതാക്കളായ സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, അബൂബക്കർ അൻവരി, എസ്.വൈ.എസ് സംസ്ഥാന സെക്ര: മുഹമ്മദ് പറവൂർ, ജില്ലാ ജന: സെക്ര.കലാം മാവൂർ, പി .ടി .സി മുഹമ്മദലി, മുഹമ്മദലി മഹ്ളറ പ്രസംഗിച്ചു. മുക്കം അബ്ദു റശീദ് സഖാഫി സ്വാഗതവും അശ്റഫലി കീഴുപറമ്പ് നന്ദിയും പറഞ്ഞു.